കൊച്ചി:കൊച്ചി അമൃത ആശുപത്രിയിലെത്തിച്ച 15 ദിവസം പ്രായമായ കുഞ്ഞിന്റെ നില ഗുരുതരമായി തുടരുന്നതായി ഡോക്ടര്‍മാര്‍.ഹൃദയവാല്‍വിന്റെ ഗുരുതര തകരാറാണ് പ്രധാനമായും ചികില്‍സയ്ക്കുള്ള വെല്ലുവിളി.തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന കുഞ്ഞിന്റെ ഹൃദയ ശസ്ത്രക്രിയ നടത്തുന്ന കാര്യം ഇന്ന് വൈകുന്നേരത്തോടെ തീരുമാനിക്കുമെന്നാണറിയുന്നത്. കുഞ്ഞിന്റെ വൃക്ക, കരള്‍, തലച്ചോറ് എന്നിവയുടെ പ്രവര്‍ത്തനം സാധാരണനിലയിലാക്കുകയും അണുബാധയില്ലെന്നു ഉറപ്പുവരുത്തുകയും ചെയ്ത ശേഷമാകും ശസ്ത്രക്രിയ.
ഇന്നലെ മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് റോഡുമാര്‍ഗം എത്തിച്ച കുഞ്ഞിന്റെ ജീവനുവേണ്ടി നാടൊന്നാകെ പ്രാര്‍ത്ഥനയിലാണ്. തിരുവനന്തപുരത്തേക്ക് കൊണ്ടുവരാനിരുന്ന കുഞ്ഞിനെ സര്‍ക്കാര്‍ ഇടപെട്ടാണ് അമൃത ആശുപത്രിയിലെത്തിക്കാന്‍ ഏര്‍പ്പാടാക്കിയത്.സംസ്ഥാന സര്‍ക്കാരിന്റെ ഹൃദ്യം പദ്ധതിക്ക് കീഴിലാണ് കുട്ടിയുടെ ചികിത്സ നടക്കുക.