രാഹുൽ ഗാന്ധിക്കെതിരെ സ്‌മൃതി ഇറാനിയെ മുൻനിർത്തി ശക്തമായ പോരാട്ടം ബി ജെ പി നടത്തുന്ന അമേത്തിയിൽ പ്രചാരണം അവസാന ലാപ്പിലാണ് . ഇരുകൂട്ടരും സജീവമായ തെരഞ്ഞെടുപ്പിൽ രാഹുൽഗാന്ധി അമേത്തിയിലെ വോട്ടർമാർക്ക് തുറന്നകത്ത് പുറത്തിറക്കി . ബിജെപി സർക്കാർ പലവിധ കാരണങ്ങൾ ഉയർത്തി മുടക്കുന്ന അമേത്തിയിലെ വികസനപ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് വോട്ടർമാർക്ക് കോൺഗ്രസ് അധ്യക്ഷന്റെ ഉറപ്പ്‌ കത്തിലുണ്ട് .അമേത്തിയിൽ നിന്നുമാണ് തനിക്കു ജനങ്ങൾക്കുവേണ്ടി ശബ്ദമുയർത്താനും നിലകൊള്ളാനും ഉള്ള ശക്തി ലഭിക്കുന്നതെന്നും രാഹുൽ കത്തിൽ പറയുന്നു .കേന്ദ്രത്തിൽ കോൺഗ്രസ് സർക്കാർ വന്നാലുടൻ ബി ജെ പി തടഞ്ഞു വച്ചിരിക്കുന്ന വികസന പദ്ധതികൾ ആരംഭിക്കും .മെയ് ആറാം തിയതിയാണ് അമേത്തിയിൽ ഇലക്ഷൻ .
അതിനിടെ കോൺഗ്രസിന്റെ വക്താവും മുതിർന്ന അഭിഭാഷകനുമായ മനു അഭിഷേക് സാങ്‌വിയുടെ നേതൃത്വത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ കോൺഗ്രസിന്റെ പ്രതിനിധി സംഘം നേരിൽ കണ്ടു അമേത്തിയിൽ നീതിപൂർവ്വവും നിഷ്പക്ഷവുമായ വോട്ടെടുപ്പ് ഉറപ്പ്‌ വരുത്താൻ ആവശ്യപ്പെട്ടു .കോൺഗ്രസ് പാർട്ടിയുടെ റാലികൾ ,പ്രചാരണ പരിപാടികൾ ,പ്രചാരണ പരസ്യങ്ങൾ എന്നിവയ്ക്കുള്ള അനുമതി അകാരണമായി വൈകിപ്പിക്കുന്നതായി കോൺഗ്രസ് പരാതിപ്പെടുന്നു .