തിരുവനന്തപുരം:അമ്പൂരിയില്‍ പൂവ്വാര്‍ സ്വദേശിനിയായ രാഖിമോളെ കൊന്നു കുഴിച്ചുമൂടിയ കേസിലെ പ്രതികളായ അഖിലിനേയും ഇയാളുടെ സഹോദരനേയും കണ്ടെത്താന്‍ പോലീസ് ദില്ലിയിലെത്തി. ദില്ലിയിലെത്തിയശേഷം ലഡാക്കിലെ സൈനീകകേന്ദ്രത്തില്‍ 29ന് റിപ്പോര്‍ട്ട് ചെയ്തെന്നാണ് കഴിഞ്ഞ ദിവസം അഖില്‍ ഒരു മാധ്യമപ്രവര്‍ത്തകനോട് ഫോണില്‍ പറഞ്ഞത്.
പിതാവിനോട് ഫോണില്‍ സംസാരിക്കുന്നതിനിടെ അവിടെയുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകനോടാണ് അഖില്‍ താന്‍ ഒളിവിലല്ലെന്നും നിരപരാധിയാണെന്നും പറഞ്ഞത്. എന്നാല്‍ ഇയാള്‍ തിരികെ ജോലിയില്‍ പ്രവേശിച്ചിട്ടില്ലെന്നാണ് പോലീസിന്റെ അന്വേഷണത്തില്‍ മനസിലായത്.
ആറ് വര്‍ഷമായി രാഖിയും അഖിലും പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കണമെന്ന് രാഖി നിര്‍ബന്ധം പിടിച്ചതോടെയാണ് രാഖിയെ കൊലപ്പെടുത്താന്‍ അഖില്‍ തീരുമാനിച്ചത്. തനിക്ക് 25 വയസ്സുണ്ടെന്നും തന്നേക്കാള്‍ രാഖിക്ക് 5 വയസ്സു കൂടുതലാണെന്നും ഒഴിവാക്കാന്‍ ശ്രമിച്ചിട്ടും രാഖി പിന്മാറാന് കൂട്ടാക്കിയില്ലെന്നുമാണ് അഖില്‍ പറയുന്നത്. എന്നാല്‍ രാഖിയെ കൊന്നത് താനല്ലെന്നും ഇയാള്‍ പറയുന്നു.അഖിലിന് മറ്റൊരു പെണ്‍കുട്ടിയുമായും അടുപ്പമുണ്ടായിരുന്നതായി പോലീസ് പറയുന്നു.
എറണാകുളത്ത് ജോലിക്ക് പോകാനായി വീട്ടില്‍ നിന്ന് ഇറങ്ങിയ രാഖിയെ കഴിഞ്ഞ ഒരു മാസമായി കാണാനില്ലായിരുന്നു. തുടര്‍ന്ന് രാഖിയുടെ ഫോണ്‍ കോള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അമ്പൂരിയിലെ ആസൂത്രിത കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.രാഖിമോളെ അഖിലും സൃഹൃത്തുക്കളും ചേര്‍ന്ന് കാറില്‍ വെച്ച് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നു പൊലീസ് കണ്ടെത്തി.മൃതദേഹം കണ്ടെടുത്ത പറമ്പിനടുത്ത് എത്തിയപ്പോഴാണു കൊലപാതകം നടത്തിയത്.ശബ്ദം പുറത്തു കേള്‍ക്കാതിരിക്കാന്‍ ആ സമയത്തു കാര്‍ എന്ജിന് ഇരപ്പിച്ചു നിര്‍ത്തിയെന്നും പൊലീസ് പറഞ്ഞു. മൃതദേഹം മറവു ചെയ്യാനുള്ള കുഴി നേരത്തെ തയാറാക്കിയിരുന്നു. അഖിലിന്റെ സുഹൃത്തായ ആദര്‍ശിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.