കൊച്ചി:അബുദാബിയില്‍ നടക്കാനിരിക്കുന്ന അമ്മ സ്‌റ്റേജ് ഷോയ്ക്കും ഇന്റേര്‍ണല്‍ കംപ്ലയിന്റ്‌സ് കമ്മിറ്റി രൂപികരിക്കണം എന്ന ആവശ്യവുമായി ഡബ്ല്യൂസിസി ഹൈക്കോടതിയെ സമീപിച്ചു. ഡബ്ല്യൂസിസിക്ക് വേണ്ടി നടി റിമ കല്ലിങ്കല്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് ഇക്കാര്യം ഉള്ളത്.ആവശ്യം തിങ്കളാഴ്ച കോടതി പരിഗണിക്കും.
മലയാള സിനിമയില്‍ ആഭ്യന്തര പരാതി പരിഹാര സമിതി വേണമെന്നാവശ്യപ്പെട്ട് വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഡബ്യൂസിസി പുതിയ ആവശ്യം ഉന്നയിച്ചത്. സംസ്ഥാന സര്‍ക്കാരിനെയും അമ്മയെയും എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി. ഹര്‍ജി പരിഗണിക്കാനിരിക്കെ മറുപടി നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോടും സിനിമാ സംഘടനകളോടും കോടതി ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാനത്തെ പ്രളയബാധിതരെ സഹായിക്കാനായാണ് അടുത്ത മാസം ഏഴിന് അമ്മ ഷോ അബുദാബിയില്‍ സംഘടിപ്പിക്കുന്നത്. നേരത്തേ ‘അമ്മ മഴവില്ല്’ എന്ന ഷോയില്‍ തികച്ചും സ്ത്രീവിരുദ്ധമായ സ്‌കിറ്റ് അവതരിപ്പിക്കപ്പെട്ടത് ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.