ദില്ലി:ജനുവരി നാലിന് പരിഗണിക്കാനിരിക്കെ അയോധ്യക്കേസില്‍ സമ്മര്‍ദ്ദം ശക്തമാക്കി ബിജെപിയുള്‍പ്പെടെ സംഘ്പരിവാര്‍ സംഘടനകള്‍.ശബരിമല സ്ത്രീ പ്രവേശന കേസില്‍ വേഗത്തില്‍ വിധി പ്രഖ്യാപിച്ചതുപോലെ ബാബറി മസ്ജിദ് ഭൂമി തര്‍ക്കവും സുപ്രീം കോടതി കൈകാര്യം ചെയ്യണമെന്ന് കേന്ദ്ര നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ് പറഞ്ഞു.സംഘ് പരിവാര്‍ സംഘടനയായ ഓള്‍ ഇന്ത്യ ലോയേഴ്സ് അസ്സോസിയേഷന്റെ ദേശീയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നിയമ മന്ത്രി.സുപ്രീം കോടതി ജഡ്ജി എം ആര്‍ ഷാ, അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാഥൂര്‍ എന്നിവര്‍ പങ്കെടുത്ത പരിപാടിയില്‍ വച്ചാണ് രവിശങ്കര്‍ പ്രസാദ് ആവശ്യം ഉന്നയിച്ചത്.
അയോധ്യ കേസ് വേഗത്തില്‍ പരിഗണിക്കേണ്ട ആവശ്യം ഇപ്പോഴില്ലെന്നും ഉചിതമായ സമയത്ത് വാദം കേള്‍ക്കുമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് നേരത്തെ വ്യക്തമാക്കിയിരുന്നു.എന്നാല്‍ രാമ ക്ഷേത്ര നിര്‍മ്മാണം വേഗത്തില്‍ വേണമെന്ന ആവശ്യത്തിലുറച്ച് വിശ്വ ഹിന്ദു പരിഷത്തും ശിവ സേനയും രാജ്യവ്യാപകമായി പ്രതിഷേധപരിപാടികളും നടത്തി വരുന്നുണ്ട്.