തൃശൂര്‍:ശബരിമല അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ച സുരേഷ് ഗോപിക്ക് കളക്ടറുടെ നോട്ടീസ്.തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സുരേഷ്ഗോപി
തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയതിനാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ കലക്ടര്‍ ടി വി അനുപമ നോട്ടീസ് നല്‍കിയത്.മാതൃകാ പെരുമാറ്റച്ചട്ടമനുസരിച്ച് ജാതിയുടെയും സാമുദായിക വികാരങ്ങളുടെയും പേരില്‍ വോട്ട് ചോദിക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് നോട്ടീസില്‍ പറയുന്നു. അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിക്കരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശമുണ്ട്.ഇതിന് വിരുദ്ധമാണ് സുരേഷ് ഗോപിയുടെ പ്രസംഗമെന്ന് നോട്ടീസില്‍ ചൂണ്ടിക്കാട്ടി.
‘ഞാന്‍ തൃശിവപേരൂരുകാരുടെ മുന്നിലേക്ക് വരുമ്പോള്‍, ഞാന്‍ തൃശിവപേരൂരുകാരുടെ, കേരളത്തിന്റെ ഒരു പരിഛേദത്തിനോടാണ്, ശബരിമലയുടെ പഞ്ചാതലത്തില്‍ ഞാന്‍ വോട്ടിനുവേണ്ടി
അപേക്ഷിച്ചുകൊണ്ടിരിക്കുന്നത്. എന്റെ അയ്യന്, എന്റെ അയ്യന്, നമ്മുടെ അയ്യന്, ആ അയ്യന് എന്റെ വികാരമാണെങ്കില്‍, ഈ കിരാതസര്‍ക്കാരിനുള്ള മറുപടി ഈ തെരഞ്ഞെടുപ്പിലൂടെ കേരളത്തില്‍ , ഭാരതത്തില്‍ മുഴുവന്‍, അയ്യന്റെ ഭക്തര്‍ മുഴുവന്‍ അത് അലയടിച്ചിരിക്കും. അത് കണ്ട് ആരും കൂട്ടുപിടിക്കേണ്ട.ഒരു യന്ത്രങ്ങളും കൂട്ടുപിടിക്കേണ്ട. നിങ്ങള്‍ ഒന്നു മുട്ടുമടങ്ങി വീഴാന്‍, നിങ്ങളുടെ മുട്ടുകാലുണ്ടാകില്ല. അത്തരത്തില്‍ ചര്‍ച്ചയാകാം. അതുകൊണ്ടുതന്നെ എന്റെ പ്രചാരണ വേളകളില്‍ ശബരിമല എന്നു പറയുന്നത് ഞാന്‍ ചര്‍ച്ചയാക്കില്ല എന്ന് പ്രതിജ്ഞ ചെയ്യുകയാണിവിടെ”ഇതാണ് സുരേഷ് ഗോപി ഏപ്രില്‍ അഞ്ചിന് തേക്കിന്‍കാട് മൈതാനിയില്‍ നടത്തിയ പ്രസംഗം.
കണ്‍വന്‍ഷനിലെ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചശേഷമാണ് കളക്ടറുടെ നടപടി. നോട്ടീസ് ലഭിച്ച് 48 മണിക്കൂറിനകം വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.