ദില്ലി:മഹാഭാരതത്തില്‍ ധാര്‍ഷ്ട്യവും അഹങ്കാരവും മൂലം ദുര്യോധനന് പതനമുണ്ടായതുപോലെ നരേന്ദ്രമോഡിയും തകരുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി.മോദി ദുര്യോധനനെപ്പോലെ അഹങ്കാരിയാണ്.ഉപദേശിക്കാന്‍ പോയ കൃഷ്ണനെപ്പോലും ദുര്യോധനന് ബന്ധിയാക്കിയെന്നും സര്‍വ്വ നാശത്തിന്റെ കാലത്ത് വിവേകം മരിക്കുമെന്നും പ്രിയങ്ക പറഞ്ഞു.ഹരിയാനയിലെ അംബാലയില്‍ നടന്ന റാലിയിലാണ് പ്രിയങ്ക മോദിക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തിയത്.രാജ്യത്തിന് വേണ്ടി രക്തസാക്ഷിയായ തന്റെ പിതാവിനെ മോഡി അപമാനിച്ചുവെന്നും പ്രിയങ്ക പറഞ്ഞു.
എന്നാല്‍ പ്രിയങ്ക പരിഹസിച്ചതുകൊണ്ട് ആരും ദുര്യോധനനാകില്ലെന്നും രാജീവ് ഗാന്ധിയെക്കുറിച്ച് യഥാര്‍ഥ്യങ്ങളാണ് മോഡി പറഞ്ഞതെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ പറഞ്ഞു. ആരാണ് ദുര്യോധനന്, ആരാണ് അര്ജുനന് എന്ന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ അറിയാമെന്നും പ്രിയങ്കയ്ക്ക് മറുപടിയായി അമിത്ഷാ പറഞ്ഞു.