മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എം.എസ് ധോണിയുടെ മകള്‍ സിവ ‘അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ’ എന്ന മലയാളം പാട്ട പാടുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ധോണിയുടെ മകള്‍ ഈ പാട്ട് സ്ഫുടതയോടെ പാടുന്നത് കേട്ട് അമ്പരന്ന് ഇരിക്കുകയാണ് ആരാധകര്‍. ധോണിയുടെ മകളാണോ എന്നും ചിലര്‍ സംശയം പ്രകടിപ്പിച്ചിരുന്നു.

ഇതിനിടെയില്‍ സിവയെ മലയാളം പാട്ട് പഠിപ്പിച്ചത് മലയാളി ക്രിക്കറ്റ് താരം ശ്രീശാന്താണെന്നും വാര്‍ത്ത പുറത്തു വന്നിരുന്നു. എന്നാല്‍ ശ്രീശാന്തല്ല പാട്ടുപഠിപ്പിച്ചത് എന്നാണ് ഏറ്റവും ഒടുവില്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ശ്രീശാന്തിന് ഈ പാട്ട് ഇതുമായി യാതൊരു ബന്ധവുമില്ലെന്നാണ് അറിയുന്നത്.

ധോണിയുടെ മലയാളിയായ മനസാക്ഷി സൂക്ഷിപ്പുകാരനാണ് എം.എ സതീഷ്. സതീഷ് ധോണിയുടെ വീട്ടിലെത്തിച്ച മലയാളി ആയയാണ് കുട്ടിയെ പാട്ടു പഠിപ്പിച്ചത്. പാട്ടു പാടുന്ന സിവയുടെ വീഡിയോ ധോണി തന്നെയാണ് സ്വന്തം മൊബൈലില്‍ റെക്കോര്‍ഡ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. ഇതോടെ സംഭവം മലയാളികള്‍ ഏറ്റെടുത്തു. ക്രിക്കറ്റ് ലോകത്തും ഇത് വലിയ ചര്‍ച്ചയായി മാറി.

തുടക്കകാലത്ത് ധോണിയുടെ അടുത്ത സുഹൃത്തായിരുന്നു ശ്രീശാന്ത്. ഈ സാഹചര്യത്തിലാണ് ധോണിയെ പാട്ടുമായി ബന്ധപ്പെടുത്തി ചര്‍ച്ചകളെത്തിയത്. എന്നാല്‍ ശ്രീശാന്തിന് ഇതുമായി യാതൊരു ബന്ധവുമില്ല. ശ്രീശാന്തും ധോണിയും സുഹൃത്തുക്കളാണെങ്കിലും അതിന് അപ്പുറത്തേക്ക് മലയാളി ബന്ധം ഇന്ത്യന്‍ ടീമിന്റെ മുന്‍ നായകനുണ്ട്.

കേരളത്തിന്റെ മുന്‍ രഞ്ജി ട്രോഫി താരമായ എംഎ സതീഷാണ് ധോണിയുടെ മനസാക്ഷി സൂക്ഷിപ്പുകാരന്‍. ഇന്ത്യന്‍ സിമന്റസിലെ വൈസ് പ്രസിഡന്റായ സതീഷ് ബിസിസിഐ മുന്‍ പ്രസിഡന്റ് ശ്രീനിവാസന്റെ അടുപ്പക്കാരനുമാണ്. ഇന്ത്യന്‍ ടീമിന്റെ ലോജിസ്റ്റിക്സ് മാനേജരായും സതീഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ ബന്ധമാണ് ആയയെ ധോണിയുടെ വീട്ടിലെത്തിച്ചതെന്നാണ് സൂചന.

ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ക്യാപ്റ്റനായിരുന്നു ധോണി. ഇതോടെയാണ് ധോണിയും ഇന്ത്യാ സിമന്റ്സും തമ്മിലെ ബന്ധം തുടങ്ങുന്നത്. സതീഷും ധോണിയുമായി അടുത്തതും ചെന്നൈ ടീമില്‍ വച്ചാണ്. പതിയെ ഇന്ത്യന്‍ ക്യാപ്റ്റന്റെ അടുത്ത സുഹൃത്തായി സതീഷ് മാറി. ബിസിനസ് ബന്ധങ്ങള്‍ പോലും ധോണിയും സതീഷും തമ്മിലുണ്ട്. ഇവരുടെ കുടുംബങ്ങളും അടുത്ത സുഹൃത്തുക്കളാണ്.

ഈ ബന്ധമാണ് ധോണിയുടെ മകളെ അമ്പലപ്പുഴ ഉണ്ണിക്കണ്ണനുമായി അടുപ്പിച്ചത്. മലയാളത്തിലെ ഈ ഹിറ്റ് സോങ് ധോണിയുടെ വീട്ടിലെ പ്രിയ പാട്ടാക്കിയതും സതീഷാണ്. തൃശൂര്‍ ജില്ലയിലൂടെ ക്രിക്കറ്റിലെത്തിയ സതീഷ് നിലവില്‍ ചെന്നൈയിലാണ് സ്ഥിര താമസം. ചെന്നൈ സൂപ്പര്‍ കിങ്സ് അപ്രസക്തമായപ്പോഴും ധോണിയും സതീഷും തമ്മിലെ സൗഹൃദം മങ്ങലേല്‍ക്കാതെ തുടര്‍ന്നു.

ശ്രീനിവാസന്‍ ബിസിസിഐയെ നയിക്കുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ലോജിസ്റ്റിക്സ് മാനേജരായിരുന്നു ഈ മലയാളി. ഇന്ത്യാ സിമന്റുമായി ബന്ധമുള്ളവരെ ബോര്‍ഡില്‍ നിന്ന് ഒഴിവാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചതോടെ ഈ സ്ഥാനത്ത് നിന്ന് പുറത്താക്കുകയും ചെയ്തു. ശ്രീനിവാസന്റെ ഭരണകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രധാനികളില്‍ ഒരാളായിരുന്നു സതീഷ്.