തിരുവനന്തപുരം:നൂറ്റാണ്ടിലെ മഹാപ്രളയമുള്‍പ്പെടെ 2018 നല്‍കിയ മുറിവുകള്‍ ബാക്കിയാവുമ്പോഴും എല്ലാം മറന്ന് കേരള ജനത പുതുവര്‍ഷത്തെ വരവേറ്റു.സംസ്ഥാനത്തൊട്ടാകെ വിപുലമായ ആഘോഷപരിപാടികളാണ് സംഘടിപ്പിച്ചത്.പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഔദ്യോഗികമായി പുതുവല്‍സര പരിപാടികള്‍ നടത്തിയില്ല.
കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലുള്‍പ്പെടെ വിദേശികളടക്കമാണ് ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നത്.സംസ്ഥാനത്തെ ഏറ്റവും വിപുലമായതും വ്യത്യസ്തവുമായ പുതുവല്‍സരാഘോഷം നടക്കുന്ന ഫോര്‍ട്ടുകൊച്ചിയില്‍ പാപ്പാഞ്ഞിയെ കത്തിച്ചാണ് ആളുകള്‍ 2019 നെ വരവേറ്റത്.കൊച്ചി നഗരത്തിലെ വിവിധ സ്വകാര്യ ഹോട്ടലുകളിലും ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നു.
തിരുവനന്തപുരത്ത് വിദേശികള്‍ കൂടുതലായെത്തുന്ന കോവളത്തും വര്‍ക്കലയിലും ഡി ജെ പാര്‍ട്ടികളടക്കം ആഘോഷങ്ങള്‍ നടന്നു.കോഴിക്കോട് കടപ്പുറത്തും ശംഖുമുഖം കടപ്പുറത്തും വലിയ തിരക്കായിരുന്നു.നഗരങ്ങളില്‍ പുതുവര്‍ഷപ്പിറവിയുടെ സമയത്ത് ആളുകള്‍ പടക്കം പൊട്ടിച്ചും ആര്‍പ്പു വിളിച്ചും ആഘോഷിച്ചു.
കൊച്ചിയും തിരുവനന്തപുരം ഉള്‍പ്പെടെ ആഘോഷം നടക്കുന്ന സ്ഥലങ്ങളെല്ലാം പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.കനത്ത സുരക്ഷയും ഒരുക്കിയിരുന്നു.