ചെന്നൈ:തമിഴ്‌നാടിന്റെ ചരിത്രത്തിനൊപ്പം ചേര്‍ത്തു നിര്‍ത്തേണ്ട പേരാണ് കരുണാനിധിയുടേത്.രാഷ്ട്രീയക്കാരനെന്നതിലുപരി നടനും തിരക്കഥാകൃത്തും കവിയുമൊക്കെയായി സമൂഹത്തിന്റെ എല്ലാമേഖലകളേയും പ്രചോദിപ്പിച്ച കരുണാനിധിയെ സ്മരിച്ചുകൊണ്ട് നിരവധി പ്രമുഖരാണ് രംഗത്തെത്തിയിരിക്കുന്നത്.
ആദ്യമായി താന്‍ ദേശീയ അവാര്‍ഡ് സ്വീകരിച്ചത് കരുണാനിധിയുടെ കൈയ്യില്‍ നിന്നായിരുന്നെന്ന് നടന്‍ അമിതാഭ്ബച്ചന്‍ പറഞ്ഞു.’സാത് ഹിന്ദുസ്ഥാനി’എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു പുരസ്‌കാരം.ചെന്നെയില്‍ നടന്ന ചടങ്ങില്‍ അന്നത്തെ മുഖ്യമന്ത്രിയായ എം.കരുണാനിധിയായിരുന്നു പുരസ്‌കാരം നല്‍കിയതെന്നും ബച്ചന്‍ ട്വിറ്ററില്‍ കുറിച്ചു.
മണി രത്‌നത്തിന്റെ ‘ഇരുവര്‍’ എന്ന ചിത്രത്തില്‍ കരുണാനിധിയുടെ വേഷം ചെയ്യാന്‍ തനിക്ക് ക്ഷണം കിട്ടിയിരുന്നതായി നടന്‍ മമ്മൂട്ടി.എന്നാല്‍ ആ വേഷം അഭിനയിക്കാന്‍ കഴിയാതിരുന്നതില്‍ വലിയ നഷ്ടബോധമുണ്ടെന്നും മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു.’ബഹുമുഖപ്രതിഭയായ അദ്ദേഹത്തിന്റെ വേര്‍പാട് ഒരുയുഗത്തിന്റെ അന്ത്യമാണ്.സിനിമയും,സാഹിത്യവും,രാഷ്ട്രീയവും ചര്‍ച്ച ചെയ്യുന്ന സുന്ദരനിമിഷങ്ങളാണ് അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മകളില്‍ നിറയുന്നത്.അദ്ദേഹത്തിന്റെ വേര്‍പാടില്‍ അതീവദുഃഖം രേഖപ്പെടുത്തുന്നു’ .