തിരുവനന്തപുരം:പ്രളയബാധിതര്‍ക്കായി ആയിരം വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് വാഗ്ദാനത്തില്‍ നിന്നും കെപിസിസി പിന്‍മാറുന്നു. 500 വീടുകളെങ്കിലും നിര്‍മ്മിച്ചു നല്‍കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചിരുന്നു. എന്നാല്‍ കെ.പി.സി.സി ഭവന നിര്‍മ്മാണ പദ്ധതിയിലൂടെ 371 വീടുകള്‍ പൂര്‍ത്തികരിച്ചു കൊണ്ടിരിക്കുന്നുവെന്നാണ് കോണ്‍ഗ്രസ് നേതാവ് എം.എം ഹസന്‍ പറയുന്നത്.
മതിയായ ഫണ്ടു ലഭിക്കാത്തതിനാലാണ് വാഗ്ദാനത്തില്‍ നിന്നും പിന്നോട്ടു പോയതെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്.ഓരോ മണ്ഡലംകമ്മറ്റികളും അഞ്ചുലക്ഷം രൂപ വീതം പിരിച്ചു നല്‍കാനായിരുന്നു കെപിസിസി നിര്‍ദേശം.ആയിരം വീട് നിര്‍മ്മിക്കാന്‍ അമ്പത് കോടി ചെലവു കണക്കാക്കി.എന്നാല്‍ ഇതുവരെ മൂന്നരക്കോടിരൂപ മാത്രമാണ് പിരിഞ്ഞു കിട്ടിയത്. പ്രഖ്യാപനം നടത്തിയപ്പോള്‍ എംഎം ഹസ്സനായിരുന്നു കെപിസിസി അധ്യക്ഷന്‍. പിന്നീട് മുല്ലപ്പള്ളി അധ്യക്ഷനായതോടെ ഫണ്ടിനായി വേണ്ടത്ര പരിശ്രമിച്ചില്ലെന്ന് ഹസ്സന്‍ അനുകൂലികള്‍ പറയുന്നുണ്ട്.