ന്യൂഡല്‍ഹി:ആരിഫ് മുഹമ്മദ്ഖാനെ കേരളത്തിന്റെ പുതിയ ഗവര്‍ണറായി നിയമിച്ചു.ഈ മാസം 4 ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം സ്ഥാനം ഒഴിയുന്നതിനെത്തുടര്‍ന്നാണ് പുതിയ ഗവര്‍ണറെ നിയമിച്ചത്. കേരളമുള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെക്കൂടി നിയമിച്ച് രാഷ്ട്രപതി വിജ്ഞാപനം പുറപ്പെടുവിച്ചു.
തമിഴ്‌നാട്ടിലെ ബിജെപി സംസ്ഥാന പ്രസിഡന്റ് തമിഴിസൈ സൗന്ദര്‍ രാജന്‍ തെലങ്കാന ഗവര്‍ണറാകും.മുന്‍കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയ ഹിമാചല്‍ പ്രദേശ് ഗവര്‍ണറാകും.മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഭഗത് സിംഗ് കോഷിയാരി മഹാരാഷ്ട്ര ഗവര്‍ണറാകും.കല്‍രാജ് മിശ്ര രാജസ്ഥാന്‍ ഗവര്‍ണറാകും.
ഉത്തര്‍പ്രദേശുകാരനായ ആരിഫ്ഖാന്‍ മുന്‍ കേന്ദ്രമന്ത്രിയായിരുന്നു. മുന്‍ യുപി മുഖ്യമന്ത്രി ചരണ്‍ സിംഗ് രൂപീകരിച്ച ഭാരതീയ ക്രാന്തി ദളില്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. 1977-ല്‍ യുപി നിയമസഭയിലെത്തിയ മുഹമ്മദ്ഖാന്‍ പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. രണ്ടുതവണ ലോക്‌സഭാംഗമായ മുഹമ്മദ് ആരിഫ്ഖാന്‍ മുത്തലാഖ് നിയമം പാസ്സാക്കുന്നതിനെതിരാവുകയും തുടര്‍ന്ന് രാജീവ്ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസുമായി പിണങ്ങി പാര്‍ട്ടിവിടുകയും ചെയ്തു. തുടര്‍ന്ന് മുഹമ്മദ് ആരിഫ്ഖാന്‍ ജനതാദളില്‍ ചേര്‍ന്ന് 89 -ല്‍ ജനതാദള്‍ സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയുമായി.തുടര്‍ന്ന് ജനതാദള്‍ വിട്ട് ബിഎസ്പിയിലും പിന്നീട് ബിജെപിയിലും ചേര്‍ന്നു. ഇപ്പോള്‍ ആരിഫ് മുഹമ്മദ്ഖാന്‍ ബിജെപി നേതൃത്വത്തോട് അടുത്തുനില്‍ക്കുകയാണ്.