ആലപ്പാട്:ആലപ്പാട്ടെ ജനകീയ സമരം സമൂഹമാധ്യമങ്ങള്‍ സഹിതം ഏറ്റെടുത്തതോടെ സര്‍ക്കാരും ഇടപെടുന്നു.സമരസമിതി പ്രവര്‍ത്തകരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ അറിയിച്ചു.സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ചര്‍ച്ചയ്ക്കു മുന്‍കൈ എടുക്കേണ്ടത് വ്യവസായ വകുപ്പാണെന്നും മന്ത്രി പറഞ്ഞു.
അശാസ്ത്രീയമായ ഖനനം പാടില്ല എന്ന നിലപാട് തന്നെയാണ് സര്‍ക്കാറിനെന്നും സമരക്കാര്‍ക്ക് ഒപ്പമാണെന്നും മന്ത്രി പറഞ്ഞു.നിയമസഭാ പരിസ്ഥിതി സമിതിയുടെ ശുപാര്‍ശകള്‍ നടപ്പാക്കുമെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.മുന്‍പ് സമരത്തെ വിമര്‍ശിച്ച് മേഴ്സിക്കുട്ടിയമ്മ പ്രതികരിച്ചിരുന്നു.
‘സ്റ്റോപ്പ് മൈനിംഗ്, സേവ് ആലപ്പാട്’ എന്ന മുദ്രാവാക്യവുമായി ജനകീയ സമിതി നടത്തുന്ന സമരം ദൃശ്യമാധ്യമങ്ങളും സമൂഹമാധ്യമങ്ങളും ഏറ്റെടുത്തതോടെയാണ് കൂടുതല്‍ ജനശ്രദ്ധ നേടിയത്.നവംബര്‍ 1-നാണ് സമരസമിതിയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല റിലേ സത്യാഗ്രഹം ആരംഭിച്ചത്.
ഖനനത്തിന്റെ ഇരകളായി ആലപ്പാട് നിന്നും ആയിരത്തി മൂന്നൂറ് കുടുംബങ്ങള്‍ ഒഴിഞ്ഞ് പോയെന്നാണ് കണക്ക്.പൊന്മനയില് 30 വര്‍ഷത്തിന് മുന്‍പ് 1500 കുടുംബങ്ങളുണ്ടായിരുന്നുവെങ്കില്‍ ഇപ്പോള്‍ അവശേഷിക്കുന്നത് വെറും മൂന്നു കുടുംബങ്ങള്‍ മാത്രം.
അറുപത് വര്‍ഷമായി ഇവിടെ ഖനനം നടക്കുന്നു.പൊന്മന, ആലപ്പാട് എന്നീ ഗ്രാമങ്ങളില്‍ നിന്നായി 40.46 ഹെക്ടറാണ് ഇന്ത്യന്‍ റെയര്‍ എര്‍ത്ത് വില കൊടുത്ത് വാങ്ങി കരിമണല്‍ ഖനനം നടത്തുന്നത്.89.5 ചതുരശ്ര കിലോമീറ്ററുണ്ടായിരുന്ന ആലപ്പാട് ഗ്രാമം ഇപ്പോള്‍ 7.6 ചതുരശ്ര കിലോമീറ്ററായി കുറഞ്ഞിരിക്കുന്നു.ഇതിനെതിരെയാണ് നാടിന്റെ പോരാട്ടം.