തിരുവനന്തപുരം:പാമ്പുപിടിത്തം നിര്‍ത്തില്ലെന്ന് വാവ സുരേഷ്.ആളുകള്‍ അഭ്യര്‍ത്ഥിച്ചതിനെത്തുടര്‍ന്നാണ് തീരുമാനം മാറ്റിയതെന്ന് സുരേഷ് പറഞ്ഞു.വാസ്തവവിരുദ്ധമായ വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നതില്‍ മനം നൊന്ത് ഇനി പാമ്പു പിടിക്കാനില്ലെന്ന് വാവ സുരേഷ് കഴിഞ്ഞ് ദിവസം പറഞ്ഞിരുന്നു. ചാനല്‍ അഭിമുഖത്തിലാണ് പാമ്പു പിടിത്തം അവസാനിപ്പിക്കാന്‍ പോവുകയാണെന്ന് വാവ സുരേഷ് പറഞ്ഞത്.
സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരെ വന്ന മോശം പരാമര്‍ശങ്ങള്‍ക്കെതിരെ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും വാവ സുരേഷ് പറഞ്ഞു. തനിക്കെതിരെയുളള ആസൂത്രിതമായ സൈബര്‍ ആക്രമണത്തില്‍ മനംമടുത്താണ് പാമ്പുപിടുത്തം നിര്‍ത്താന്‍ തീരുമാനിച്ചത്.പാമ്പിനെ പിടിക്കാന്‍ വരണമെന്നാവശ്യപ്പെട്ട് വ്യാജഫോണ്‍ സന്ദേശങ്ങള്‍ പതിവായതും ബുദ്ധിമുട്ടായി.എന്നാല്‍ പലരും പാമ്പു പിടിത്തം നിര്‍ത്തരുതെന്ന് ആവശ്യപ്പെട്ടു.തന്റെ തീരുമാനം സാധാരണക്കാര്‍ക്കു ബുദ്ധിമുട്ടാകുമെന്നു തിരിച്ചറിഞ്ഞതിനാലാണ് തീരുമാനം മാറ്റുന്നതെന്നും വാവ സുരേഷ് പറഞ്ഞു.
നിയമാനുസൃതമല്ലാതെ അശാസ്ത്രീയമായി പാമ്പുകളെ പിടിക്കുന്നു,അപകടകരമായ രീതിയില്‍ കൈകാര്യം ചെയ്യുന്നു, പാമ്പിന്റെ വെനം വില്‍ക്കുന്നു എന്നും മറ്റുമുള്ള ആരോപണങ്ങളാണ് സുരേഷിനെതിരെ ഉയര്‍ന്നത്. സമൂഹമാധ്യമങ്ങളില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി ചിലര്‍ വലിയ വിമര്‍ശനങ്ങള്‍ നടത്തിയിരുന്നു.ഇത്തരം ആരോപണങ്ങള്‍ വളരെയധികം വേദനിപ്പിച്ചുവെന്നും വാവ സുരേഷ് പറഞ്ഞിരുന്നു.
165 രാജവെമ്പാലകള്‍ ഉള്‍പ്പെടെ അരലക്ഷത്തോളം പാമ്പുകളെ വാവ സുരേഷ് ഇതുവരെ പിടിച്ചിട്ടുണ്ട്. കേരളത്തിലുടനീളം യാത്ര ചെയ്താണ് പാമ്പുകളെ പിടിക്കുന്നത്. നിരവധി തവണ പാമ്പു കടിയേറ്റ് ഗുരുതരാവസ്ഥയിലായിട്ടും വാവ സുരേഷ് ജീവിതത്തിലേക്കു തിരിച്ചു വന്ന് വീണ്ടും പാമ്പു പിടിത്തത്തിനിറങ്ങുകയായിരുന്നു.