ചെറുതോണി:ജലനിരപ്പ് കുറഞ്ഞതിനെത്തുടര്‍ന്ന് ഇടുക്കി അണക്കെട്ടിലെ രണ്ട് ഷട്ടറുകള്‍ അടച്ചു.ഒന്നാമത്തെയും അഞ്ചാമത്തെയും ഷട്ടറുകളാണ് അടച്ചത്.ഇപ്പോള്‍ ജലനിരപ്പ് 2,397 അടിയാണ്.ബാക്കി മൂന്ന് ഷട്ടറുകളിലൂടെ ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവും കുറച്ചിട്ടുണ്ട്.
2,397 അടിയിലെത്തിയതോടെ ജലനിരപ്പ് സുരക്ഷിത നിലയിലായെന്ന് കെ.എസ്.ഇ.ബി. സര്‍ക്കാരിനെ അറിയിച്ചു.ഇതോടെ സെക്കന്‍ഡില്‍ ഏഴരലക്ഷം ലിറ്റര്‍ വെള്ളം ഒഴുക്കിയിരുന്നത് മൂന്ന് ലക്ഷം ലിറ്ററായി കുറച്ചു. സെക്കന്റില്‍ നാലു മുതല്‍ അഞ്ച് ലക്ഷം ലിറ്റര്‍ വരെ വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനായി ഒരു ലക്ഷം ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്നുണ്ട്.
മഴ കുറയാനുള്ള സാഹചര്യം കണക്കിലെടുത്ത് അണക്കെട്ടിലെ ജലം തുറന്നുവിട്ട് പാഴാക്കേണ്ടതില്ലെന്നാണ് കെ.എസ്.ഇ.ബിയുടെ നിലപാട്.