ഇടുക്കി:ഇന്നലെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിനു പിന്നാലെ
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പുയര്‍ന്ന് 2395.38 അടിയിലെത്തി.ഇന്നലെ രാത്രി ഒന്‍പത് മണിയോടെ നടത്തിയ പരിശോധനയിലാണ് ജലനിരപ്പ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിക്കുന്നതിനുള്ള പരിധികടന്നതായി മനസ്സിലാക്കിയത്.എന്നാല്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും എല്ലാം നിയന്ത്രണവിധേയമാണെന്നും അധികൃതര്‍ അറിയിച്ചു.അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ പെയ്യുന്നതിനാല്‍ നീരൊഴുക്കും കൂടുതലാണ്.മഴയെ ആശ്രയിച്ചായിരിക്കും റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുന്നതും ട്രയല്‍ റണ്‍ നടത്തുന്നതും.
ഓറഞ്ച് അലര്‍ട്ടിന് പിന്നാലെ ഇടുക്കിയില്‍ സുരക്ഷ ശക്തമാക്കി. മുന്നൊരുക്കമായി സമീപത്തെ 12 പഞ്ചായത്തുകളിലെ 12 സ്‌കൂളുകളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു.ഇതിനിടെ വെള്ളം സുഗമമായി ഒഴുകുന്നതിനാവശ്യമായ മുന്‍ കരുതലുകള്‍ തുടങ്ങി.ചെറുതോണി പെരിയാര്‍ തീരങ്ങളിലെ തടസ്സങ്ങള്‍ ജെസിബി ഉപയോഗിച്ച് നീക്കം ചെയ്യുകയാണ്.പഞ്ചായത്ത് തലത്തില്‍ ഇന്നലെയും യോഗം നടന്നു.ഈ മേഖലയില്‍ വീടുകള്‍ ഉള്‍പ്പെടെ 400 ഓളം കെട്ടിടങ്ങളുണ്ട്.വീടുകളിലെ കിടപ്പുരോഗികളെ ആയുര്‍വേദകേന്ദ്രത്തിലേക്ക് മാറ്റും.
പുറത്തുനിന്നും അണക്കെട്ട് തുറക്കുന്നതു കാണാനും മറ്റുമെത്തുന്നവര്‍ക്ക് നിയന്ത്രണമുണ്ടാവും.പെരിയാറിനു കുറുകെയുള്ള യാത്രയും നിരോധിക്കും.സെല്‍ഫിക്കും നിരോധനമുണ്ട്.