തിരുവനന്തപുരം:സംസ്ഥാനത്തുണ്ടായ പ്രളയം മനുഷ്യനിര്‍മ്മിതമെന്ന ആരോപണവുമായി നിയമസഭയില്‍ ഭരണപക്ഷത്തിനെതിരെ ആഞ്ഞടിച്ച് വിഡി സതീശന്‍ എംഎല്‍എ. വേലിയേറ്റ സമയത്ത് ഡാമുകള്‍ തുറന്നു വിട്ടത് കുറ്റകരമായ അനാസ്ഥയാണ്.അതുപോലെ ജനം ഉറങ്ങിയ അര്‍ത്ഥരാത്രിയിലാണ് അണക്കെട്ടുകള്‍ എല്ലാം തുറന്നു വിട്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ഡാംമാനേജ്‌മെന്റിന്റെ പിഴവു വരുത്തിയ ദുരന്തമെന്ന് ഇത് അറിയപ്പെടും.അണക്കെട്ടുകള്‍ തുറക്കുന്ന കാര്യത്തില്‍ മന്ത്രിമാര്‍ അടക്കം പലതട്ടിലായിരുന്നെന്നും വിഡിസതീശന്‍ ആരോപിച്ചു.
പലയിടത്തും വെള്ളമിറങ്ങിയ ശേഷമാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്.മൃതദേഹം കൊണ്ടുപോകാനും മറ്റും ആംബുലന്‍സ് പോലും ലഭിച്ചില്ല.ഐ എ എസ് ഉദ്യോഗസ്ഥരും പലയിടങ്ങളിലും വേണ്ടവിധം പ്രവര്‍ത്തിച്ചില്ലെന്നും സതീശന്‍ പറഞ്ഞു.ഇത്തരമൊരു ദുരന്തമുണ്ടായതിന്റെ ഉത്തരവാദികളെ കണ്ടെത്താന്‍ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് എല്ലാ പ്രവര്‍ത്തനങ്ങളും പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും സതീശന്‍ സഭയെ അറിയിച്ചു.