വാഷിങ്ടണ്‍:അതിര്‍ത്തിയില്‍ ഇന്ത്യക്കെതിരെ എഫ്.16 വിമാനം പാക്കിസ്ഥാന്‍ എന്തിനുപയോഗിച്ചെന്ന് അമേരിക്ക.പാക്കിസ്ഥാന്‍ എഫ് 16 ഉപയോഗിച്ചതിന്റെ തെളിവുകള്‍ ഇന്ത്യ അമേരിക്കക്ക് കൈമാറിയതിനു പിന്നാലെയാണ് അമേരിക്ക പാക്കിസ്ഥാനില്‍ നിന്നും വിശദീകരണം തേടിയത്.പാക്കിസ്ഥാനുമായുള്ള ആയുധക്കരാര്‍ അനുസരിച്ച് എഫ് 16 വിമാനം ഇന്ത്യക്കെതിരെ ഉപയോഗിച്ചത് കരാര്‍ വ്യവസ്ഥയുടെ ലംഘനമാണെന്ന് അമേരിക്കന്‍ പ്രതിരോധ വക്താവ് കോണ്‍ ഫോക്ക്നര്‍ പറഞ്ഞു.
രഹസ്യസ്വഭാവമുള്ളതിനാല്‍ വിദേശ ആയുധവില്പന കരാറിനെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
എഫ് 16 വിമാനം ഉപയോഗിച്ചാണ് പാകിസ്ഥാന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതെന്ന് ഇന്ത്യന്‍ വ്യോമസേന കഴിഞ്ഞദിവസം തന്നെ വെളിപ്പെടുത്തിയിരുന്നു.പാകിസ്ഥാന്‍ യുദ്ധവിമാനങ്ങളാണ് ഉപയോഗിച്ചതെന്നതിന് കൃത്യമായ തെളിവുകള്‍ സൈനീക മേധാവികള്‍ പുറത്തു വിട്ടിരുന്നു. എഫ് 16 യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് തൊടുക്കുന്ന അംറാം (AMRAAM) എന്ന മിസൈലാണ് പാകിസ്ഥാന്‍ ഉപയോഗിച്ചത് എന്ന തെളിവാണ് ഇന്ത്യ പുറത്തു വിട്ടത്.അതിര്‍ത്തി കടന്നെത്തിയത് എഫ് 16 യുദ്ധവിമാനങ്ങളല്ലെന്നായിരുന്നു പാകിസ്ഥാന്‍ വ്യക്തമാക്കിയത്.