സിനിമാ മേഖലയ്ക്ക് നല്‍കിയ സമഗ്രസംഭാവന പരിഗണിച്ച് ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന് ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌ക്കാരം. ഇന്ത്യന്‍ ചലച്ചിത്രമേഖലയയിലെ പരമോന്നത ബഹുമതിയാണ് ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌ക്കാരം. ഇതിനുമുന്‍പ് ബച്ചന് നാല് തവണ മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്. രാജ്യം പത്മശ്രിയും, പത്മഭൂഷണും, പത്മവിഭൂഷണും നല്‍കി അമിതാഭ് ബച്ചനെ ആദരിച്ചിട്ടുണ്ട്. 1969-ല്‍ പുറത്തിറങ്ങിയ സാത്ത് ഹിന്ദുസ്ഥാനിയിലൂടെയാണ് ബച്ചന്‍ തന്റെ ഉജ്ജ്വലമായ കരിയറിന് തുടക്കം കുറിക്കുന്നത്. ഡോ.ഹരിവംശറായ് ബച്ചന്റെയും തേജിയുടെയും മകനാണ്. നടി ജയ ബാധുരിയാണ് ഭാര്യ. ബോളിവുഡ് നടന്‍ അഭിഷേക് ബച്ചന്‍, ശ്വേത ബച്ചന്‍ എന്നിവര്‍ മക്കളാണ്. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കറാണ് പുരസ്‌ക്കാര പ്രഖ്യാപനം നടത്തിയത്.