ഇന്ത്യൻ  സമ്പദ്ഘടനയുടെ ഇന്നത്തെ  അവസ്ഥ ആഴത്തിൽ വിഷമിപ്പിക്കുന്നതാണ്. അവസാന പാദത്തിലെ അഞ്ചു ശതമാനം  GDP വളർച്ച നിരക്ക്  രാജ്യം നീണ്ടു നിൽക്കുന്ന ഒരു സാമ്പത്തിക മാന്ദ്യത്തിലാണ് എന്നതിന്റെ സൂചനയാണ് . ഇതിലും വളരെ വേഗത്തിൽ വളർച്ച കൈവരിക്കാനുള്ള ശേഷി നമ്മുടെ സമ്പദ്ഘടനക്ക് ഉണ്ട്. എന്നാൽ, മോഡി സർക്കാരിന്റെ ദുർഭരണം രാജ്യത്തെ ഒരു സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുകയാണുണ്ടായത്.

ഉൽ‌പാദന മേഖലയുടെ വളർച്ച 0.6% ആയി നിൽക്കുന്നത് തികച്ചും പരിതാപകരമാണ്. ഇത് വ്യക്തമാക്കുന്നത്  മനുഷ്യനിർമിത  മണ്ടത്തരങ്ങളായ  നോട്ടുനിരോധനം വേഗത്തിൽ നടപ്പിലാക്കിയ ജി എസ് ടി എന്നിവയിൽ നിന്നും നമ്മുടെ സമ്പദ്‌വ്യവസ്ഥ ഇത് വരെ കരകയറിയിട്ടില്ല എന്നതാണ്.

ആഭ്യന്തര ആവശ്യങ്ങൾ ഏറെ കുറവും  ഉപഭോഗ വളർച്ച 18 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലുമാണ്. നാമമാത്രമായ GDP  വളർച്ച  15 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് . ചെറുതും വലുതുമായ വ്യാപാരികളുടെ ഇടയിൽ നികുതി വേട്ട നടക്കുന്നതിനാലും നികുതി ഭീകരത തടസമില്ലാതെ തുടരുന്നതിനാലും നികുതി മേഖലയിലെ ഉണർവ് അപ്രാപ്യമായി തുടരുന്നു. രാജ്യത്തെ നിക്ഷേപക രംഗവും ഒരു സ്തംഭനാവസ്ഥയിലാണ്. ഇവയൊന്നും തന്നെ സാമ്പത്തിക രംഗത്തെ വീണ്ടെടുക്കാനാവശ്യമായ അടിത്തറകളല്ല.

മോദി സർക്കാരിന്റെ നയങ്ങൾ വിപുലമായ തൊഴിൽ-രഹിത വളർച്ചയ്ക്ക് കാരണമാകുകയാണ്. . വാഹന നിർമ്മാണ മേഖലയിൽ മാത്രം 3.5 ലക്ഷത്തിലധികം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു. സമാനമായ രീതിയിൽ ഏറ്റവും സാധാരണക്കാരായ  തൊഴിലാളികളെ ബുദ്ധിമുട്ടിച്ചുകൊണ്ട് നമ്മുടെ അനൗപചാരിക സമ്പദ് വ്യവസ്ഥയിലും വൻതോതിൽ തൊഴിൽ നഷ്ടം സംഭവിക്കാൻ പോകുകയാണ്.

ഗ്രാമീണ ഇന്ത്യ ഇന്ന് ഏറെ മോശമായ  അവസ്ഥയിലാണ്. കർഷകർക്ക് മതിയായ വില  ലഭിക്കുന്നില്ല, ഇത്  ഗ്രാമീണ മേഖലയിലെ  വരുമാനം കുറക്കുന്നതിനു കാരണമാകുന്നു. നമ്മുടെ കർഷകരെയും അവരുടെ വരുമാനത്തെയും ബുദ്ധിമുട്ടിലാക്കിക്കൊണ്ട്,  മോദി സർക്കാർ ഇപ്പോഴും എടുത്തുകാണിക്കാൻ ഇഷ്ടപ്പെടുന്ന കുറഞ്ഞ പണപ്പെരുപ്പനിരക്കിന്റെ കാരണം ഇന്ത്യൻ ജനതയുടെ അമ്പതു ശതമാനത്തിലധികം വരുന്ന നമ്മുടെ കർഷകരുടെ മേൽ അടിച്ചേൽപ്പിച്ച ദുരിതമാണ്. 

നമ്മുടെ സ്ഥാപനങ്ങൾ ഇന്ന് ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.  അവയുടെ  സ്വയംഭരണാധികാരം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ് . കരുതൽധനമായ 1.76 ലക്ഷം കോടി രൂപ സർക്കാരിന്  കൈമാറിയതിന് ശേഷം എന്ത് ചെയ്യണം എന്നതിനെക്കുറിച്ചു വ്യക്തമായ ഒരു പദ്ധതിയില്ല എന്ന് റിസേർവ് ബാങ്ക് തന്നെ പറയുന്ന ഒരു സാഹചര്യത്തിൽ പൂർവസ്ഥിതിയിലേക്കു തിരിച്ചു വരാൻ  റിസേർവ് ബാങ്കിന് കഴിയുമോ എന്നുറപ്പില്ല.

കൂടാതെ ഈ സർക്കാരിന്  കീഴിൽ ഇന്ത്യയിലെ  വിവരങ്ങളുടെ വിശ്വാസ്യത പോലും ചോദ്യം ചെയ്യപ്പെടുകയാണ്. ബജറ്റ് പ്രഖ്യാപനങ്ങളും അവയുടെ പിൻവലിക്കലും അന്താരാഷ്ട്ര നിക്ഷേപകരുടെ ആത്മവിശ്വാസം കെടുത്തിക്കളഞ്ഞു. ആഗോള തലത്തിലുണ്ടായ ഭൗമരാഷ്ട്രീയപുനഃക്രമീകരണങ്ങൾ മൂലം   അന്താരാഷ്ട്ര വ്യാപാര രംഗത്തുണ്ടായ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനായി  കയറ്റുമതി വർധിപ്പിക്കാൻ ഇന്ത്യക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഇതാണ് മോദി സർക്കാരിനു കീഴിൽ നടക്കുന്ന  സാമ്പത്തിക ദുർഭരണത്തിൻറെ വ്യാപ്തി.

നമ്മുടെ യുവാക്കൾ, കൃഷിക്കാർ, കർഷകത്തൊഴിലാളികൾ , സംരംഭകർ, പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങൾ തുടങ്ങിയവർ കൂടുതൽ മെച്ചപ്പെട്ട ഒരു സ്ഥിതിക്ക് അർഹരാണ്. ഇപ്പോൾ പോകുന്ന വഴിയിലൂടെ ഇന്ത്യയ്ക്ക് മുൻപോട്ടു പോകാൻ കഴിയുകയില്ല. . അതുകൊണ്ടു തന്നെ,  മനുഷ്യനിർമ്മിതമായ ഈ പ്രതിസന്ധിയിൽ നിന്ന് നമ്മുടെ സമ്പദ്‌വ്യവസ്ഥയെ കരകയറ്റുവാൻ  പ്രതികാര രാഷ്ട്രീയം  മാറ്റി വെച്ച്  ചിന്തിക്കുന്ന മനസ്സുകളോട് സംവദിക്കാനും വിവേകമുള്ള ശബ്ദങ്ങൾ കേൾക്കാനും ഈ സർക്കാർ തയ്യാറാകണം എന്ന് ഞാൻ  ആവശ്യപ്പെടുകയാണ് .

(ഡോ: മൻമോഹൻ സിംഗിന്റെ പ്രസ്താവനയുടെ മലയാളം പരിഭാഷപ്പെടുത്തിയത്  ജ്യോതിക രാധിക വിജയകുമാർ.)