തിരുവനന്തപുരം: ഇന്ദിരാഗാന്ധി ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി കോണ്‍ഗ്രസിന്റെ സമുന്നതരായ നേതാക്കളെ അവരുടെ നിസ്വാര്‍ത്ഥ സേവനത്തിനുള്ള അംഗീകാരമായി ‘ഇന്ദിരാഗാന്ധി ജന്മശതാബ്ദി പുരസ്കാരം’ നല്കി ആദരിക്കുന്ന ചടങ്ങ് നാളെ നടക്കും. വൈകുന്നേരം അഞ്ചിന് ഇന്ദിരാഭവനില്‍ നടക്കുന്ന ചടങ്ങില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ ആന്റണി പുരസ്കാരങ്ങള്‍ സമ്മാനിക്കും. കെ.പി.സി.സി മുന്‍പ്രസിഡന്റുമാരായ തെന്നല ബാലകൃഷ്ണപിള്ള, സി.വി. പത്മരാജന്, മുന്ഗവര്ണ്ണര്മാരായ എം.എം.ജേക്കബ്, കെ. ശങ്കരനാരായണന്, വക്കം പുരുഷോത്തമന്, മുന്‍മന്ത്രി എം. കമലം എന്നിവര്‍ക്കാണ് ജന്മശതാബ്ദി പുരസ്കാരം നല്‍കുന്നത്.
ഇതിന്റെ ഭാഗമായി ഇന്നലെ പാലാ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച പ്രത്യേക ചടങ്ങില്‍ എം.എം. ജേക്കബിന് പുരസ്കാരം എ.കെ.ആന്റണി സമ്മാനിച്ചു. മുന്‍മന്ത്രി എം. കമലത്തിനുള്ള പുരസ്കാര സമര്‍പ്പണം കോഴിക്കോട് വച്ച് പിന്നീട് നടക്കും.
കെ.പി.സി.സി. പ്രസിഡന്റ് എം.എം. ഹസന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വി.എം സുധീരന്, കെ. മുരളീധരന് എം.എല്‍.എ, എം.പിമാരായ ശശിതരൂര്‍, കൊടുക്കുന്നില്‍ സുരേഷ്, വി.എസ്. ശിവകുമാര്‍ എം.എല്‍.എ, ഡി.സി.സി. പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു.