ന്യൂഡല്‍ഹി:ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് സെപ്തംബര്‍ പത്ത് തിങ്കളാഴ്ച ഭാരത് ബന്ദിന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു.രാവിലെ 9 മണി മുതല്‍ വൈകിട്ട് മൂന്ന് മണി വരെയാണ് ബന്ദ്.ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് പരമാവധി ഒഴിവാക്കാനാണ് സമയക്രമം.അന്ന് രാജ്യത്തെ എല്ലാ പെട്രോള്‍ പമ്പുകളിലും പ്രതിഷേധ ധര്‍ണ്ണയും സംഘടിപ്പിക്കും.ബിഎസ്പി ഒഴികെയുളള പ്രതിപക്ഷ പാര്‍ട്ടികള്‍ ബന്ദിനോട് സഹകരിക്കും.പി.സി.സി അധ്യക്ഷന്മാരെയും ട്രഷര്‍മാരെയും പങ്കെടുപ്പിച്ച് ദില്ലിയില്‍ ചേര്‍ന്ന യോഗത്തിലാണ് ബന്ദ് നടത്താന്‍ അന്തിമ തീരുമാനമായത്.
ഇന്ധന വിലവര്‍ധനയ്ക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്ന് കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു.പെട്രോളിന്റെയും ഡീസലിന്റെയും പാചക വാതകത്തിന്റെയും വിലവര്‍ധന ജനങ്ങള്‍ക്ക് കടുത്ത ആഘാതമാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. പെട്രോളിന്റെയും ഡീസലിന്റെയും വില ചരക്ക് സേവന നികുതി (ജി.എസ്.ടി) യുടെ പരിധിയിലാക്കണം. ഇന്ധന വിലവര്‍ധനമൂലം സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളംതെറ്റിയെന്നും സുര്‍ജേവാല പറഞ്ഞു.
രാജ്യത്ത് കുറച്ചു ദിവസമായി ഇന്ധനവില കുത്തനെ ഉയരുകയാണ്.ഇന്ന് മാത്രം പെട്രോള്‍ 21 പൈസയും,ഡീസല്‍ വില 22 പൈസയും കൂടി.