ന്യൂഡല്‍ഹി: ഇരയുടെ മൗനം ലൈംഗിക ബന്ധത്തിനോ മാനഭംഗത്തിനോ ഉള്ള സമ്മതമായി കണക്കാക്കാനാവില്ലെന്നും സമ്മതമില്ലാതെ നടത്തുന്ന ലൈംഗികബന്ധം മാനഭംഗക്കുറ്റമായി കാണാമെന്നും ഡല്‍ഹി ഹൈക്കോടതി.

ഗര്‍ഭിണിയെ പീഡിപ്പിച്ച കേസില്‍ 10 വര്‍ഷം ജയില്‍ശിക്ഷ കിട്ടിയ പ്രതി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. ഇര മൗനം പാലിച്ചത് ലൈംഗിക ബന്ധത്തിനുള്ള സമ്മതമായി കണക്കാക്കണമെന്ന മാനഭംഗക്കേസിലെ പ്രതിയുടെ വാദം കോടതി തള്ളി.

ഭീഷണിപ്പെടുത്തിയതു കൊണ്ടാകാം ഇര മൗനം പാലിച്ചതെന്നും സമ്മതമില്ലാതെ നടത്തുന്ന ലൈംഗികബന്ധം മാനഭംഗക്കുറ്റമായി കാണാമെന്നും കോടതി പറഞ്ഞു.

ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ് സംഗീത ദിംഗ്ര സെഗാള്‍ ഹൈക്കോടതി വിചാരണക്കോടതിയുടെ ശിക്ഷ ശരിവെച്ചു. 2010 ഡിസംബറില്‍ ഉത്തര്‍പ്രദേശില്‍ നിന്ന് ഡല്‍ഹിയിലെത്തിയ 19 വയസ്സുളള ഗര്‍ഭിണിയായ യുവതിയെ ജോലി വാഗ്ദാനം ചെയ്ത് തട്ടിക്കൊണ്ടുപോയി തുടര്‍ച്ചയായി പീഡിപ്പിച്ചെന്നാണ് പരാതി. രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.

ബലാത്സംഗം ചെയ്തതിന് 28 കാരനായ മുന്ന എന്ന യുവാവിനെ വിചാരണ കോടതി 2015 ല്‍ 10 വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ഈ തീരുമാനം ഹൈക്കോടതി അംഗീകരിച്ചു. കൂട്ടുപ്രതി സുമന്‍ കുമാര്‍ യുവതിയെ വേശ്യാവൃത്തിക്കായി വില്‍ക്കാന്‍ ശ്രമിച്ചെന്ന കുറ്റവും ശരിവെച്ചു.