കെയ്റോ: ഈജിപ്തില്‍ മുസ്ലീം പള്ളിക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 54 പേര് കൊല്ലപ്പെട്ടു. 75 പേര്‍ക്ക് പരിക്കേറ്റു. ബിര്‍ അല്‍ അബെദ് നഗരത്തിലുള്ള അല്‍ റവ്ദ പള്ളിക്ക് നേരെയാണ് ആക്രമണമുണ്ടായത്. സുരക്ഷാ സേനയെ പിന്തുണയ്ക്കുന്നവരെ ലക്ഷ്യമിട്ടുള്ള ആക്രമണമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സ്ഫോടനം നടത്തി പരിഭ്രാന്തി സൃഷ്ടിച്ച ശേഷം ഭീകരര്‍ പള്ളിയില്‍ ആരാധനയ്ക്കെത്തിയവര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു.
സിനായ് പ്രവിശ്യയുടെ തലസ്ഥാനമായ അല്‍ ആരിഷില്‍ നിന്ന് 25 മൈല്‍ അകലെയുള്ള സ്ഥലമാണ് ആക്രമണം നടന്ന ബിര്‍ അല്‍ അബെദ്. ആക്രണത്തില്‍ പരിക്കേറ്റവരുടെ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. നിരവധിപേര്‍ ഗുരുതരാവസ്ഥയിലാണെന്നാണ് വിവരം. അതേസമയം ആക്രമണത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത ഈജിപ്ത് അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. പ്രസിഡന്റ് അബ്ദുള്‍ ഫത്താ അല്‍ സിസി സസ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. 2013 മുതല്‍ ഈജിപ്ത് ഭീകരവാദത്തിന്റെ പിടിയിലാണ്. നിരവധി ഭീകരാക്രമണങ്ങള്‍ രാജ്യത്തുടനീളം സംഭവിച്ചിട്ടുണ്ട്.