വാഷിംങ്ടണ്‍: ആണവായുധ വിഷയത്തില്‍ ഉത്തരകൊറിയയുമായി എന്ത് തരത്തിലുള്ള പ്രതിരോധത്തിനും ചര്‍ച്ചകള്‍ക്കും അമേരിക്ക തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഉത്തരകൊറിയയില്‍ എന്ത് സംഭവിക്കുമെന്ന് കാണാന്‍ കാത്തിരിക്കുകയാണ് ഞങ്ങളെന്നും അത് മാത്രമേ ഇപ്പോള്‍ എനിക്ക് പറയാനാകൂവെന്നും ട്രംപ് പറഞ്ഞു.

വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍ നടത്തിയ പ്രസംഗത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഉത്തര കൊറിയയുമായി ചര്‍ച്ച നടത്തുന്നതിന് തയ്യാറെന്ന് നേരത്തെ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടിലേര്‍സണ്‍ പറഞ്ഞിരുന്നെങ്കിലും ഇതിനെതിരെ ട്രംപ് രംഗത്തു വന്നിരുന്നു.

മുന്‍പ് ഉത്തര കൊറിയയെ തകര്‍ത്തു കളയുമെന്ന ട്രംപിന്റെ ഭീഷണികള്‍ക്ക് പസഫിക് സമുദ്രത്തില്‍ മിസൈല്‍ പരീക്ഷണം നടത്തിയാണ് ഉത്തര കൊറിയ മറുപടി നല്‍കിയത്.

ഇറാനുമായുള്ള ആണവകരാറില്‍ നിന്നും യുഎസ് റദ്ദാക്കുമെന്നും അമേരിക്കയുടെ ദേശീയ താല്‍പര്യത്തിന് കരാര്‍ ചേരുന്നതല്ലെന്നും വെള്ളിയാഴ്ച വൈറ്റ് ഹൗസ് പ്രസംഗത്തില്‍ ട്രംപ് അറിയിച്ചു.