മരട് : തീരദേശ നിയമങ്ങൾ ലംഘിച്ചു നിർമ്മിച്ച മരട് ഫ്ലാറ്റ് സമുച്ഛയങ്ങൾ പൊളിച്ചു മാറ്റണം എന്ന സുപ്രീം കോടതി ഉത്തരവ് കൂടുതൽ സങ്കീർണ്ണതകളിലേക്ക്.ഈ ഫ്ലാറ്റ് സമുച്ചയങ്ങളിൽ എല്ലാം കൂടി ആയിരത്തി ഇരുന്നൂറോളം പേരുണ്ട് ,ഇത്രയധികം പേരെ നടുത്തെരുവിലാക്കുന്ന നടപടി കൈക്കൊണ്ടേ പറ്റൂ എന്നതാണ് കേരള സർക്കാരിന്റെയും മരട് മുൻസിപ്പാലിറ്റിയുടെയും ഇപ്പോഴത്തെ അവസ്ഥ. കൂടുതൽ മുട്ടാപ്പോക്കു ന്യായങ്ങൾ ഒന്നും പറയാതെ ഫ്ലാറ്റുകൾ പൊളിച്ചു നീക്കാൻ കർശനമായി നിർദ്ദേശിച്ചിരിക്കയാണ് സുപ്രീം കോടതി . അഞ്ചു ദിവസത്തിനുള്ളിൽ ഫ്ലാറ്റിൽ നിന്നും താമസക്കാർ സാധനങ്ങളെല്ലാം മാറ്റി ഒഴിഞ്ഞു പോകണം എന്ന് കാണിച്ചു നോട്ടീസ് നൽകിയിരിക്കുകയാണ് നഗരസഭ.കൂടാതെ ഫ്ലാറ്റുകൾ പൊളിക്കാൻ പരിചയസമ്പന്നരായ കമ്പനികളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചിരിക്കുകയാണ് നഗരസഭ .
ഫ്ലാറ്റുസമുച്ഛയങ്ങൾ പൊളിക്കാൻ 30 കോടി രൂപയാണ് നഗരസഭ കണക്കാക്കുന്നത് .പൊളിക്കാൻ വേണ്ടിവരുന്ന ചെലവ് തങ്ങൾക്കു ഒറ്റയ്ക്ക് താങ്ങാനാവില്ല എന്നതാണ് നഗരസഭയുടെ വാദം .എന്നാൽ ഈ ചെലവ് നഗരസഭയുടെ ബാധ്യതയാണ് എന്നാണു സർക്കാർ നിലപാട് .ഇരുപതാം തിയതിക്കകം ഫ്ലാറ്റ്സമുച്ഛയങ്ങൾ പൊളിച്ചു നീക്കണം എന്നാണു സുപ്രീം കോടതിയുടെ അന്ത്യ ശാസനം .നാളെ തിരുവോണ ദിനത്തിൽ നഗരസഭയ്ക്ക് മുന്നിൽ നിരാഹാരമിരിക്കാനാണ് ഫ്ലാറ്റ് നിവാസികളുടെ തീരുമാനം .