ലക്‌നൗ:ഉന്നാവോ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതിയായ കുല്‍ദീപ് സിംഗ് സെന്‍ഗാറിനെ ബിജെപിയില്‍ നിന്നും പുറത്താക്കി.പെണ്‍കുട്ടിക്കുണ്ടായ അപകടത്തില്‍ സെന്‍ഗാറിന്റെ പങ്ക് പുറത്തുവന്നതോടെ രാജ്യവ്യാപകമായ പ്രതിഷേധവും സുപ്രീംകോടതിയുടെ ഇടപെടലും ഉണ്ടായതിനെത്തുടര്‍ന്നാണ് മുഖം രക്ഷിക്കാന്‍ സെന്‍ഗാറിനെ ബിജെപി പുറത്താക്കിയത്.നേരത്തേ ഇയാളെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ഉത്തര്‍പ്രദേശിലെ ഉന്നാവ് സദറില്‍ നിന്നുള്ള എംഎല്‍എയാണ് സെന്‍ഗാര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പോക്‌സോ വകുപ്പ് പ്രകാരം ജയിലില്‍ കഴിയുകയാണ്.എന്നാല്‍ ജയിലിലും ഇയാള്‍ ഫോണുപയോഗിക്കുന്നതായും അപകടം ആസൂത്രണം ചെയ്തത് സെന്‍ഗാറാണെന്നും പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു. സെന്‍ഗാറിന്റെ കൂട്ടാളികള്‍ നിരവധി തവണ ഫോണില്‍ ഭീഷണിപ്പെടുത്തിയതായും കുടുംബം വെളിപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ദിവസം റായ്ബറേലിയില്‍ വെച്ചുണ്ടായ അപകടത്തില്‍ പെണ്‍കുട്ടിക്ക് അതീവഗുരുതരമായി പരുക്കേറ്റ് ചികില്‍സയിലാണ്. ആരോഗ്യനിലയില്‍ പുരോഗതിയില്ലെന്നാണ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്.