ദില്ലി: ഉന്നാവോ ബലാത്സംഗക്കേസില്‍ ഇരയായ പെണ്‍കുട്ടി സഞ്ചരിച്ച കാറില്‍ ഇടിച്ച ട്രക്കിന്റെ ഉടമ ഉത്തര്‍പ്രദേശ് കൃഷി സഹമന്ത്രിയുടെ മരുമകനെന്ന് പോലീസ്. സമാജ് വാദി പാര്‍ട്ടിയുടെ നവാബ് ഗഞ്ച് ബ്ലോക്ക് അധ്യക്ഷന്‍ കൂടിയായ അരുണ്‍ സിംഗാണ് ട്രക്കിന്റെ ഉടമ.സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ ഏഴാം പ്രതിയാണ് അരുണ്‍സിംഗ്. എംഎല്‍എ കുല്‍ദീപ് സിംഗ് സെംഗാറിനെതിരെയുള്ള പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് കാണിച്ച് പെണ്‍കുട്ടിയുടെ കുടുംബം അരുണ്‍സിംഗിനെതിരെ പരാതി നല്‍കിയിരുന്നു.
വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് മായ്ക്കാന്‍ ശ്രമിച്ചത് സംഭവത്തിലെ ദുരൂഹത വര്‍ധിപ്പിച്ചിരുന്നു. റായ്ബറേലിയിലെ ഗുരുബക്ഷ് ഗഞ്ചില്‍വെച്ചാണ് അമിതവേഗതയിലെത്തിയ ട്രക്ക് കാറില്‍ ഇടിച്ചത്. അപകടത്തില്‍ പെണ്‍കുട്ടിയുടെ രണ്ടു ബന്ധുക്കള്‍ മരിച്ചിരുന്നു. പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.