ലഖ്‌നൗ:വാഹനാപകടത്തെത്തുടര്‍ന്ന് ചികില്‍സയില്‍ കഴിയുന്ന ഉന്നാവോ പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍. പെണ്‍കുട്ടിയെ വിദഗ്ദ്ധ ചികില്‍സയ്ക്കായി ദില്ലിയിലേക്കു മാറ്റുന്ന കാര്യത്തില്‍ യുപി സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയെ തീരുമാനമറിയിക്കും. പെണ്‍കുട്ടിയെ ചികില്‍സിക്കുന്ന ലക്‌നൗ കിംഗ് ജോര്‍ജ് ആശുപത്രിയില്‍ വിദഗ്ദ്ധ ചികില്‍സ ലഭ്യമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പെണ്‍കുട്ടിയുടെ കുടുംബവുമായി ചര്‍ച്ച ചെയ്ത് ചികില്‍സ ദില്ലിയിലേക്ക് മാറ്റുന്ന കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന് ഇന്നലെ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.
സുപ്രീംകോടതി നിര്‍ദേശ പ്രകാരം ഇന്നലെത്തന്നെ പെണ്‍കുട്ടിയുടെ അമ്മയ്ക്ക് 25 ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കിയിരുന്നു. ലക്‌നൗവിലുള്ള കേസുകള്‍ ദില്ലിയിലേക്കു മാറ്റാനും കോടതി നിര്‍ദേശിച്ചു.പെണ്‍കുട്ടിക്കും കുടുംബത്തിനും 24 മണിക്കൂര്‍ കേന്ദ്രസേനയുടെ സുരക്ഷ നല്‍കണമെന്നും കോടതി ഉത്തരവിട്ടു.അതേ സമയം അപകടം നടന്നതിനു പിന്നാലെ കാറില്‍നിന്നും കേസിന്റെ നിര്‍ണ്ണായകരേഖകള്‍ കാണാതായതായി പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ പറഞ്ഞു.