തൃശൂര്‍:വനിതാ നേതാവിനെ അപമാനിച്ചെന്ന പരാതിയില്‍ ഡിവൈഎഫ്ഐ നേതാവിനെതിരെ പൊലീസ് കേസെടുത്തു.ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് ജോയിന്റ് സെക്രട്ടറിയും സിപിഎം അംഗവുമായ ജീവന്‍ ലാലിനെതിരെയാണ് കേസെടുത്തത്.എംഎല്‍എ ഹോസ്റ്റലില്‍ വച്ച് ജീവന്‍ലാല്‍ അപമര്യാദയായി പെരുമാറിയെന്ന് ഇരിങ്ങാലക്കുട ഡിവൈഎസ്പിക്ക് യുവതി പരാതി നല്‍കുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസെടുത്തിരിക്കുന്നത്.
എന്‍ട്രന്‍സ് പരീക്ഷയ്ക്കായി ജൂലൈ 9ന് കുടുംബസുഹൃത്തായ ജീവന്‍ ലാലിനൊപ്പം താന്‍ തിരുവനന്തപുരത്ത് എത്തി.ഇരിങ്ങാലക്കുട എംഎല്‍എ കെയു അരുണന്റെ മുറിയിലായിരുന്നു കുടുംബ സമേതം താമസിച്ചത്.പരീക്ഷ കഴിഞ്ഞ് ജൂലൈ 11ന് നാട്ടിലേക്ക് മടങ്ങുന്നതിന് മുമ്പാണ് ജീവന്‍ ലാല്‍ അപമര്യാദയായി പെരുമാറിയതെന്നാണ് വനിതാ നേതാവിന്റെ പരാതിയില്‍ പറയുന്നത്.
പാര്‍ട്ടിക്ക് നേരത്തേ പരാതി നല്‍കിയെങ്കിലും നടപടിയെടുക്കാത്തതിനാലാണ് പൊലീസില്‍ പരാതി നല്‍കിയതെന്ന് യുവതി പറഞ്ഞു.എന്നാല്‍ വിഷയം പുറത്തറിഞ്ഞാല്‍ പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്നും ഡിവൈഎഫ്ഐയിലേക്ക് വനിതകള്‍ വരാതാകുമെന്നുമാണ് പാര്‍ട്ടി നല്‍കിയ മറുപടിയെന്നും ഇവര്‍ പറയുന്നു.എന്നാല്‍ പരാതി ലഭിച്ചിട്ടില്ലെന്നാണ് പാര്‍ട്ടി നേതൃത്വം പറയുന്നത്.