കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റും എം.പിയുമായിരുന്ന എം.ഐ.ഷാനവാസിന്റെ നിര്യാണത്തില്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് അനുശോചിച്ചു.
എം.ഐ.ഷാനവാസുമായി വിദ്യാര്‍ത്ഥി രാഷ്ട്രീയം കാലഘട്ടം മുതല്‍ അടുത്തബന്ധം സൂക്ഷിച്ചിരുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റി ചെയര്‍മാനായിരുന്ന കാലത്തും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റയായിരുന്ന സമയത്തും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. കെ.പി.സി.സി ഭാരവാഹിയായിരുന്നപ്പോള്‍ അദ്ദേഹവുമായി കൂടുതല്‍ അടുത്ത് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു.
ദീര്‍ഘകാലം കോണ്‍ഗ്രസിന്റെ ജിഹ്വയായിരുന്നു എം.ഐ.ഷാനവാസ്. ഷാനവാസിന്റെ സാന്നിദ്ധ്യം പാര്‍ട്ടിക്ക് വളരെ ആവശ്യമുള്ള നിര്‍ണ്ണായകഘട്ടത്തിലാണ് അദ്ദേഹത്തിന്റെ വിയോഗം. കോണ്‍ഗ്രസിന്റെ നയവും പരിപാടികളും ജനങ്ങളില്‍ എത്തിക്കുന്നതില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച ശക്തനായ വക്താവായിരുന്നു അദ്ദേഹം. ഷാനവാസിന്റെ കുടുംബവുമായി നാലുദശകത്തിലേറെ അടുത്ത ബന്ധമാണുള്ളത്. അദ്ദേഹത്തിന്റെ വിയോഗം കോണ്‍ഗ്രസിനും വ്യക്തിപരമായി തനിക്കും വലിയ നഷ്ടമാണെന്ന് മുല്ലപ്പള്ളി പറഞ്ഞു.
തിരുവനന്തപുരം: എം.ഐ.ഷാനവാസിന്റെ നിര്യാണത്തോടെ തനിക്ക് എറ്റവും അടുത്ത സഹപ്രവര്‍ത്തകനെ മാത്രമല്ല സഹോദരനെയുമാണ് നഷ്ടമായിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജി.കാര്‍ത്തികേയനും എം.ഐ.ഷാനവാസും താനും കേരള രാഷ്ട്രീയത്തിലെ ഒരു പ്രത്യേക സാഹചര്യത്തില്‍ ഒരുമിച്ച് നിലപാടെടുത്തവരാണ്. സഹോദരതുല്യമായ സ്നേഹമായിരുന്നു ഞങ്ങള്‍ തമ്മില്‍. കെ.എസ്.യുവിലൂടെ കടന്നു വന്ന് കെ.പി.സി.സിയുടെ വര്‍ക്കിംഗ് പ്രസിഡന്റ് വരെ എത്തിയ അദ്ദേഹം കോണ്‍ഗ്രസ് പ്രസ്ഥാനത്തില്‍ തന്റേതായ സ്ഥാനം നേടിയെടുത്തു. താന്‍ കെ.പി.സി.സി പ്രസിഡന്റായിരിക്കെ 9 വര്‍ഷം സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി ഒപ്പം പ്രവര്‍ത്തിച്ചു. ഉശിരനായ സംഘാടകനും വാഗ്മിയും ആയിരുന്നു അദ്ദേഹം. തോല്ക്കാന് തയ്യാറല്ലാത്ത മനസായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. കോണ്‍ഗ്രസിന്റെ യശസും മാഹാത്മ്യവും എന്നും ഉയര്‍ത്തിപ്പിടിച്ചു അദ്ദേഹം. വയനാടിന്റെ വികസനത്തിനായി വിലപ്പെട്ട സംഭാവനകളാണ് എം.പി എന്ന നിലയില്‍ അദ്ദേഹം നല്‍കിയത്. അസുഖം വേട്ടയാടിയ സമയത്തും വയനാടിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലും വികസന പ്രവര്‍ത്തനത്തിലും അദ്ദേഹം അതീവ ശ്രദ്ധാലുവായിരുന്നു. കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണ് സംഭവിച്ചതെന്നും രമേശ് പറഞ്ഞു.
സംവല്സരങ്ങളുടെ ഹൃദയബന്ധമാണ് ഷാനവാസുമായി ഉണ്ടായിരുന്നത് എന്ന് വി എം സുധീരൻ അനുസ്മരിച്ചു.ഫറൂഖ് കോളേജില്‍ അദ്ദേഹം പഠിക്കുമ്പോഴാണ് പരിചയപ്പെടുന്നത്. പിന്നീട് വലിയൊരു സൗഹൃദബന്ധമായി അത് വളര്‍ന്നു. കെ.എസ്.യുവിന്റെ മുന്നണിപ്രവര്‍ത്തകനായി ഷാനവാസ് മാറി. കോഴിക്കോട് ജില്ലാ കെ.എസ്.യു. കമ്മിറ്റിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിപുലമായ തലങ്ങളിലേക്ക് അത് വളര്‍ന്നു.
കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന് ചെയര്മാന് പദവിയില്‍ നന്നായി ശോഭിച്ചു. തുടര്‍ന്ന് കെ.എസ്.യു., യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് രംഗത്ത് അവിഭാജ്യ ഘടകമായി മാറി. കെ.പി.സി.സി. വര്‍ക്കിംഗ് പ്രസിഡന്റ് പദവി വരെയെത്തി.
മികച്ച സംഘാടകനായ ഷാനവാസ് ഏറെക്കാലം കെ.പി.സി.സിയുടെ പലതലങ്ങളിലും ഭാരവാഹിയായിരുന്നിട്ടുണ്ട്. പാര്‍ട്ടിയുടെ നയസമീപനങ്ങള്‍ മാധ്യമങ്ങളിലൂടെ ജനമധ്യത്തില്‍ അവതരിപ്പിക്കു ന്നതില്‍ അനിതരസാധാരണമായ മിടുക്കാണ് അദ്ദേഹം പ്രകടിപ്പിച്ചത്. പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ നിയോജകമണ്ഡലത്തിന്റെ വികസകാര്യങ്ങള്‍ക്കൊപ്പം രാജ്യത്തെ ജനങ്ങളുടെ പ്രശ്നങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിന് ശുഷ്കാന്തി കാണിച്ചു.
ഇടക്കാലത്ത് ആരോഗ്യനില മോശമായിട്ടും തന്നിലര്‍പ്പിതമായ ചുമതലകള്‍ നിറവേറ്റുന്നതില്‍ നിതാന്ത ജാഗ്രത പുലര്‍ത്തിയിരുന്നു. ഷാനവാസിന്റെ നേതൃസാന്നിധ്യം ഏറ്റവും ആവശ്യമായ സന്ദര്‍ഭത്തിലാണ് ആകസ്മികമായ ഈ വേര്‍പാട്.ഈ തീരാദുഃഖം താങ്ങാനുള്ള കരുത്ത് അദ്ദേഹത്തിന്റെ കുടുംബത്തിനുണ്ടാകട്ടെ. അതിനായി പ്രാര്‍ത്ഥിക്കുന്നു.