തിരുവനന്തപുരം: ബിജെപി നേതാവ് എംടി രമേശിന് വിജിലന്‍സ് നോട്ടീസ്. മെഡിക്കല്‍ കോളെജ് കോഴ വിവാദത്തില്‍ അടുത്ത മാസം 21ന് നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. മെഡിക്കല്‍ കോഴ ഇടപാടില്‍ എംടി രമേശിന് പങ്കുണ്ടെന്ന മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സിന്റെ നടപടി.
തിരുവനന്തപുരം വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളേജിന് അനുമതി വാങ്ങിനല്‍കാം എന്ന് വാഗ്ദാനം നല്കി ബിജെപി സംസ്ഥാന സഹകരണ സെല്‍ കണ്‍വീനര്‍ അര്എസ് വിനോദ് കോളേജ് ഉടമ ആര് ഷാജിയില്‍ നിന്ന് അഞ്ച് കോടി അറുപത് ലക്ഷം രൂപ കോഴവാങ്ങിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് ഹവാലപ്പണമായി ദില്ലിയിലെത്തിച്ചെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
മെഡിക്കല്‍ കോളെജ് കോഴയെക്കുറിച്ച് വിവരം ലഭിച്ചപ്പോള്‍ അമിത് ഷായാണ് ഇക്കാര്യത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനോട് ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് കെപി ശ്രീശന്, എകെ നാസര്‍ എന്നിവരുടെ സമിതിയെ നിയോഗിച്ചത്. ഈ റിപ്പോര്‍ട്ടാണ് പിന്നീട് പുറത്തായത്. ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ബിജെപി നേതാക്കള്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തിരുന്നു.