ന്യൂഡല്‍ഹി: എടിഎം പരിപാലന ചെലവ് കൂടിയതും ജനങ്ങള്‍ പണംതേടി എടിഎമ്മുകളിലെത്തുന്നത് കുറഞ്ഞതോടെയും രാജ്യത്തെ ബാങ്കുകള്‍ എടിഎമ്മുകളുടെ എണ്ണം കുറയ്ക്കുന്നു. കഴിഞ്ഞ ജൂണിനും ഓഗസ്റ്റിനും ഇടയിലായി പൂട്ടിയത് 358 എടിഎമ്മുകളാണ്.
നാലുവര്‍ഷം മുമ്പുവരെ എടിഎമ്മുകളുടെ എണ്ണം പ്രതിവര്‍ഷം 16.4ശതമാനം വീതം കൂടിക്കൊണ്ടിരിക്കുന്നതിനിടെയാണ് പൂട്ടുന്നത്. നോട്ട് നിരോധനത്തിനുശേഷം ജനങ്ങളുടെ എടിഎം ഉപയോഗത്തില്‍ കുറവുണ്ടായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
മുറിവാടക, സുരക്ഷാ ജീവനക്കാരനുള്ള ചെലവ്, കറന്റ് ബില്ല്, മറ്റു പരിപാലന ചെലവുകള്‍ എല്ലാം കൂടി 30,000 രൂപ മുതല്‍ ഒരു ലക്ഷംരൂപവരെ ചെലവുവരുമെന്നാണ് ബാങ്കുകള്‍ പറയുന്നത്.
എസ്ബിഐ ഈവര്‍ഷം ഓഗസ്റ്റില്‍ എടിഎമ്മുകളുടെ എണ്ണം 59,291ല്‍നിന്ന് 59,200ആയും പഞ്ചാബ് നാഷണല്‍ ബാങ്കാകട്ടെ 10,502ല്‍നിന്ന് 10,083ആയും എച്ച്ഡിഎഫ്സി ബാങ്ക് 12,230ല്‍നിന്ന് 12,225 ആയും എടിഎമ്മുകളുടെ എണ്ണംകുറച്ചിരുന്നു.