കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപ് ഇപ്പോഴും സംഘടനയ്ക്ക് പുറത്തു തന്നെയാണെന്നും കുറ്റവിമുക്തനായാല്‍ മാത്രം തിരിച്ചെടുക്കുമെന്നും നടന്‍ മോഹന്‍ലാല്‍.കൊച്ചിയില്‍ സംഘടനയുടെ എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തിലാണ് എഎംഎംഎ പ്രസിഡന്റ് കൂടിയായ മോഹന്‍ലാല്‍ നിലപാട് വ്യക്തമാക്കിയത്.ദിലീപിനെ തിരിച്ചെടുക്കരുതെന്ന് ആരും അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ആവശ്യപ്പെട്ടിട്ടില്ല.വനിതാ അംഗങ്ങള്‍ അടക്കം യോഗത്തില്‍ മൗനം പാലിച്ചു.ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയത് ധൃതി പിടിച്ചാണ്.ജനറല്‍ ബോഡി യോഗം ചര്‍ച്ച ചെയ്യാതെ പുറത്താക്കാന്‍ പാടില്ലായിരുന്നു.ദിലീപ് വിഷയത്തിലെ സത്യാവസ്ഥ എന്താണെന്ന് ഇപ്പോഴും അറിയില്ല.ദിലീപ് വിഷയത്തില്‍ കടുത്ത ഭിന്നതയുണ്ടായെന്നും സംഘടന രണ്ടായി പിളരുന്ന ഘട്ടം വരെയെത്തിയെന്നും മോഹന്‍ലാല്‍ പറഞ്ഞു.
തുടക്കം മുതല്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പം തന്നെയാണ് താരസംഘടന നില്‍ക്കുന്നതെന്നും ആ നിലപാടില്‍ ഇപ്പോഴും മാറ്റമില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.സംഘടനയിലെ മിക്കവരും നടിയെ ഫോണില്‍ വിളിക്കുകയും മറ്റും ചെയ്യാറുണ്ട്.അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നുവെന്ന് കാണിച്ച് നടി പരാതി നല്‍കിയെന്നു പറയുന്നത് ഇതുവരെ സംഘടനയ്ക്ക് രേഖാമൂലം ലഭിച്ചിട്ടില്ല.
ഡബ്ല്യുസിസി ഉന്നയിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും എക്സിക്യുട്ടീവ് യോഗം ചേര്‍ന്ന ശേഷം അവരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.അമ്മ മഴവില്‍ ഷോയില്‍ സ്ത്രീകള്‍ തയ്യാറാക്കി അവതരിപ്പിച്ച സ്‌കിറ്റ് ആരേയും അപമാനിക്കാനല്ലെന്നും അത് വെറും ബ്ലാക്ക് ഹ്യൂമറാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.
അമ്മയുടെ ഭാരവാഹികളാകാന്‍ സ്ത്രീകള്‍ മുന്നോട്ട് വരാറില്ല.പാര്‍വതി ഭാരവാഹിയാകുന്നതില്‍ എതിര്‍പ്പില്ല.എ.എം.എം.എയുടെ ജനറല്‍ ബോഡി യോഗത്തില്‍ മാധ്യമങ്ങള്‍ക്ക് വിലക്കു കല്‍പിച്ചതില്‍ മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിച്ചു.ഇരുപത്തിയഞ്ച് വര്‍ഷം നീണ്ട സംഘടനയുടെ ചരിത്രത്തില്‍ ആദ്യമായാണ് മാധ്യമങ്ങളെ അകറ്റി നിര്‍ത്തേണ്ടി വന്നതെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.