തിരുവനന്തപുരം:എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ നടത്തുന്ന അനിശ്ചിതകാല പട്ടിണിസമരം സെക്രട്ടേറിയറ്റ് പടിക്കല്‍ ആരംഭിച്ചു.കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അമ്മമാരടക്കം മുപ്പത് പേരടങ്ങുന്ന സംഘത്തിനൊപ്പം സാമൂഹ്യപ്രവര്‍ത്തക ദയാഭായിയും പട്ടിണി സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.മുഴുവന്‍ ദുതിതബാധിതരേയും സര്‍ക്കാര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക,സുപ്രീം കോടതി വിധി പ്രകാരമുള്ള ധനസഹായം എല്ലാവര്ക്കും നല്‍കുക,കടങ്ങള്‍ എഴുതി തള്ളുക,പുനരധിവാസ ഗ്രാമം പദ്ധതി യാഥാര്‍ത്ഥ്യമാക്കുക തുടങ്ങിയആവശ്യങ്ങള്‍ ഉന്നയിച്ചാണ് ദുരിതബാധിതര്‍ സമരം തുടങ്ങിയിരിക്കുന്നത്.
സമരത്തില്‍ പങ്കെടുക്കാന്‍ പ്രായം തടസ്സമല്ലെന്നും നീതി ലഭിക്കുന്നത് വരെ നിരാഹാരസമരം തുടരുമെന്നും ദയാഭായി പറഞ്ഞു.ആദ്യം ഇരകള്‍ക്കെല്ലാം സര്‍ക്കാര്‍ സഹായം നല്കട്ടെ.അര്‍ഹരെ സര്‍ക്കാര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നില്ലെന്നും മെഡിക്കല്‍ പരിശോധന നടത്തി കണ്ടെത്തിയ അര്‍ഹര്‍ക്ക് പോലും സഹായം നല്‍കിയില്ലെന്നും ദയാഭായി ആരോപിച്ചു.
സമരത്തിനു പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് വിഎം സുധീരനും സമരപ്പന്തലിലെത്തി.എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായുള്ള കോടതി ഉത്തരവുകള്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ ഗുരുതര വീഴ്ച വരുത്തിയെന്ന് അദ്ദേഹം ആരോപിച്ചു.