ദില്ലി:ഐഎന്‍എക്സ് മീഡിയകേസില്‍ ദില്ലി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ സ്ഥലംവിട്ട് പി ചിദംബരം എഐസിസി ആസ്ഥാനത്തെത്തി.തനിക്കെതിരെ തെളിവുകളില്ലെന്നും താന്‍ ഒളിച്ചോടിയിട്ടില്ലെന്നും ചിദംബരം മാധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണ്.കേന്ദ്ര സര്‍ക്കാര്‍ നുണ പ്രചരിപ്പിക്കുകയാണ്.ഐ.എന്‍.എക്സ് മീഡിയ കേസുമായി ബന്ധപ്പെട്ട് താനോ കുടുംബാംഗങ്ങളോ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ചിദംബരം പറഞ്ഞു. അന്വേഷണ ഏജന്‍സിയായ സി.ബി.ഐ നിയമത്തെ ബഹുമാനിക്കുന്നുണ്ടെങ്കില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കുന്നതിന് വെള്ളിയാഴ്ച വരെ കാത്തിരിക്കണം. തനിക്ക് നീതി ലഭിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും ചിദംബരം പറഞ്ഞു.
നിയമത്തില്‍നിന്ന് ഒളിച്ചോടുന്നതിനു പകരം നിയമത്തിന്റെ സംരക്ഷണം ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. എന്നാല്‍ കോടതി വെള്ളിയാഴ്ച ഹര്‍ജി പരിഗണിക്കാമെന്നാണ് പറഞ്ഞിരിക്കുന്നത്. അതുവരെ സി.ബി.ഐയുടെ ഭാഗത്തുനിന്ന് മറിച്ചൊരു നീക്കവും ഉണ്ടാവില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചിദംബരം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സിബിഐ സംഘം എ ഐസിസി ആസ്ഥാനത്തേക്ക് പുറപ്പെട്ടെന്ന വിവരത്തെത്തുടര്‍ന്ന് ചിദംബരം ധൃതിപ്പെട്ട് എഐസിസി ആസ്ഥാനത്ത് നിന്ന് വീട്ടിലേക്ക് മടങ്ങി. സുപ്രീംകോടതി അഭിഭാഷകരായ മനു അഭിഷേക് സിങ്വി, കപില്‍ സിബല്‍ എന്നിവരും ചിദംബരത്തോടൊപ്പമുണ്ടായിരുന്നു.