ഓയൂര്‍:ഭര്‍തൃവീട്ടില്‍ യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഭര്‍ത്താവും അമ്മയും അറസ്റ്റില്‍.പൂയപ്പള്ളി ചെങ്കുളം പറണ്ടോട് ചരുവിള വീട്ടില്‍ ഗീതാ ലാല്‍ (55), മകന്‍ ചന്തുലാല്‍ (30) എന്നിവരെയാണ് പൂയപ്പളളി പൊലീസ് അറസ്റ്റു ചെയ്തത്. കരുനാഗപ്പള്ളി അയണിവേലിക്കകത്ത് തെക്ക് തുളസീധരന്‍ വിജയലക്ഷ്മി ദമ്പതികളുടെ മകളായ തുഷാര (27) സ്ത്രീധനത്തിന്റെ പേരിലുള്ള പീഡങ്ങള്‍ക്കൊടുവിലാണ് മരിച്ചത്.യുവതി പട്ടിണി മൂലമാണ് മരിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
ഈ മാസം 21ന് അര്‍ധരാത്രിയാണ് തുഷാരയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിനെത്തുടര്‍ന്നു പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവതി കൊടിയ പീഡനങ്ങള്‍ക്കു വിധേയയായതായി കണ്ടെത്തി. തുഷാരയ്ക്ക് പലപ്പോഴും പഞ്ചസാര വെള്ളം കൊടുക്കുകയും അരി കുതിര്‍ത്തു നല്‍കുകയും ചെയ്തു.ഭക്ഷണം നല്‍കാതെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചതാണ് മരണകാരണമായതെന്ന് പോലീസ് പറയുന്നു.മരിക്കുമ്പോള്‍ തുഷാരയ്ക്ക് 20 കിലോ ഗ്രാം മാത്രം ഭാരമാണ് ഉണ്ടായിരുന്നത്.
തുഷാരയുടെ ഭര്‍ത്താവിന്റെ അമ്മ മന്ത്രവാദവും മറ്റ് അന്ധവിശ്വാസങ്ങളും പിന്‍തുടരുന്ന സ്ത്രീയാണെന്നും യുവതിയുടെ ബന്ധുക്കള്‍ പറയുന്നു. യുവതിയെ സ്വന്തം വീട്ടില്‍ പോകാനോ ബന്ധുക്കളുമായി സഹകരിക്കാനോ ഇവര്‍ അനുവദിച്ചിരുന്നില്ലെന്നും പറയപ്പെടുന്നു.