എടത്വ:കക്ഷി-രാഷ്ടീയ-ജാതി-മത ചിന്തകൾക്കതീതമായി ഏവരെയും ഒന്നിച്ചു നിറുത്തുന്ന കായിക വിനോദമാണ് ജലോത്സവമെന്ന് മോറോൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപോലീത്ത.നൂറിലധികം പേർ ഒരുമിച്ച് കയറി ഒരു വള്ളത്തിൽ തുഴയുമ്പോൾ അവരുടെ മനസും ലക്ഷ്യവും ഒന്നാണ്.”യേശുവേ .. മാതാവേ…., സ്വാമീ ശരണം … അയപ്പ ” എന്ന് ഒരുമനസ്സോടെ തുഴയെറിയുമ്പോൾ ഇതിലപ്പുറം മതസൗഹാർദ്ധം വേറേ ഒന്നില്ലെന്നും ജലോത്സവ രംഗത്ത് കുട്ടനാടൻ ജനത നല്കുന്ന സംഭാവന മഹത്തരമെന്നും മെത്രാപോലീത്ത കൂട്ടി ചേർത്തു.പല വള്ളങ്ങളിലും തലവടി പ്രദേശവാസികൾ തുഴഞ്ഞ് പല കരക്കാർക്ക് ട്രോഫി നേടികൊടുക്കുന്നുണ്ട് .ഈ സാഹചര്യത്തിൽ തലവടി ഗ്രാമത്തിൽ നിന്നും ഒരു ചുണ്ടൻ വള്ളം ഉണ്ടാകുന്നത് തലവടിക്ക് അഭിമാനം ആയിരിക്കുമെന്നും മെത്രാപോലീത്ത പറഞ്ഞപ്പോൾ തുഴച്ചിൽക്കാർ ആർപ്പുവിളികളോട് ആണ് പ്രസംഗത്തെ സ്വാഗതം ചെയ്തത്.തലവടി ചുണ്ടൻ നിർമ്മാണ സമിതി ഓഫീസ് തിരുപനയനൂർ കാവ് ദേവിക്ഷേത്ര ജംഗ്ഷനിൽ ഐശ്വര്യ കോംപ്ലക്സിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ മോറോൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപോലീത്ത.
സമിതി പ്രസിഡന്റ് കെ.ആർ ഗോപകുമാർ അധ്യക്ഷത വഹിച്ചു.
രക്ഷാധികാരി ബ്രഹ്മശ്രീ നീലകണ്ഠരര് ആനന്ദ് നമ്പൂതിരി പട്ടമന അനുഗ്രഹ പ്രഭാഷണം നടത്തി.വിശിഷ്ഠ വ്യക്തികളെ വില്ലേജ് ഓഫീസ് ജംഗ്ഷനിൽ നിന്നും വാദ്യാഘോഷങ്ങളുടെയും മുത്തു കുടകളുടെയും വഞ്ചിപ്പാട്ട് സംഘത്തിന്റെയും അകമ്പടിയോട് വേദിയിലേക്ക് സ്വീകരിച്ചു.
ചടങ്ങിൽ ജനറൽ കൺവീനർ അഡ്വ.സി.പി.സൈജേഷ് സ്വാഗതവും ചീഫ് കോർഡിനേറ്റർ ഡോ.ജോൺസൺ വി. ഇടിക്കുള കൃതജ്ഞതയും പ്രകാശിപ്പിച്ചു. തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ അഡ്വ.ജനൂബ് പുഷ്പാകർ, ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു, തലവടി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുഷമ്മ സുധാകരൻ, പി.കെ. വർഗ്ഗീസ്, അജിത്ത് കുമാർ പിഷാരത്ത്, ബിനു സുരേഷ്, എടത്വാ ഗ്രാമപഞ്ചായത്ത് അംഗം ജയിൻ മാത്യൂ ,ഫാദർ ഷിജു മാത്യം, സിബി സാം തോട്ടത്തിൽ, ജെ.ടി.റാംസെ,തോമസ് മാലിയിൽ,ജോജി വയലപള്ളി, സണ്ണി അനുപമ,ജോമോൻ ചക്കാലയിൽ, അരുൺപുന്നശ്ശേരിൽ, രമേശ് കുമാർ പി.ഡി, കെ.കെ.രാജു, അജി കലവറശേരിൽ എന്നിവർ പങ്കെടുത്തു.