ഡൽഹി : മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചൈനാ സന്ദർശനം രാജ്യതാല്പര്യത്തിന് ചേരാത്തത് കൊണ്ടാണ് യാത്രയ്ക്ക് അനുമതി നിഷേധിച്ചതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം. ചൈനയില്‍ നടക്കുന്ന വേള്‍ഡ് ടൂറിസം ഓര്ഗനൈസേഷന് ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു. പ്രോട്ടോക്കോള്‍ പ്രശ്നം മൂലമാണ് അനുമതി നിഷേധിച്ചതെന്നാണ് നേരത്തെ കേന്ദ്ര വിദേശ കാര്യ സഹമന്ത്രി നല്‍കിയിരുന്ന വിശദീകരണം. വിവരാവകാശ അപേക്ഷയ്ക്ക് നല്കിയ മറുപടിയിലാണ് മന്ത്രാലയം പുതിയ നിലപാട് വ്യക്തമാക്കിയത്. പരിപാടിയില്‍ മന്ത്രിതലത്തില്‍ ഉള്ളവരുടെ പങ്കാളിത്തം രാജ്യതാല്പര്യത്തിന് ചേരുന്നതല്ല. ഒറ്റ വരിയിലെ മറുപടിയില്‍ യാത്ര ഏത് വിധത്തില്‍ രാജ്യതാല്പര്യത്തിന് ചേരാത്തതെന്ന് വ്യക്തമാക്കിയിട്ടില്ല.ആവശ്യപ്പെട്ട രേഖകള്‍ ഒന്നും തന്നെ നല്‍കിയിട്ടുമില്ല.