ന്യൂഡല്‍ഹി:കാശ്മീരിലെ കത്വയില്‍ എട്ടു വയസ്സുകരിയെ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ 6 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി.പത്താന് കോട്ട് കോടതിയാണ് വിധി പ്രസ്താവിച്ചത്.ഗ്രാമമുഖ്യന് സഞ്ജി റാം, മകന് വിശാല്‍, പൊലീസ് ഉദ്യോഗസ്ഥരായ ദീപക് കജൂരിയ, സുരേന്ദര്‍ വര്‍മ, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ് എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്.സഞ്ജിറാമിന്റെ മരുമകന് വിശാലിനെ കോടതി വെറുതെ വിട്ടു.കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ പ്രതികള്‍ ഇയാളെ മീററ്റില്‍ നിന്ന് വിളിച്ചുവരുത്തിയെന്നാണ് പൊലീസ് കണ്ടെത്തിയത്. എന്നാല്‍ ഇത് സംശയരഹിതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി പറഞ്ഞു. ഉച്ചയ്ക്ക് രണ്ടു മണിക്ക് ശിക്ഷാവിധി പ്രസ്താവിക്കും.സഞ്ജിറാമിന്റെ പ്രായപൂര്‍ത്തിയാകാത്ത മകന്റെ വിധി പ്രസ്താവം ജുവൈനല്‍ കോടതിയില്‍ പിന്നീട് നടക്കും.നാല് പൊലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ എട്ട് പ്രതികളാണ് കേസിലുള്ളത്.
2018 ജനുവരിയിലാണ് രാജ്യത്തെ നടുക്കിയ സംഭവം നടന്നത്.എട്ട് വയസുകാരിയായ പെണ്‍കുട്ടി പ്രദേശത്തെ ക്ഷേത്രത്തില്‍ വെച്ചാണ് ക്രൂരമായ പീഡനത്തിനിരയായത്.മയക്കുമരുന്നുകള്‍ നല്‍കിയശേഷമാണ് പെണ്‍കുട്ടിയെ ദിവസങ്ങളോളം ക്രൂരമായി പീഡിപ്പിച്ചത്.പിന്നീട് ശ്വാസം മുട്ടിച്ചും കല്ലുകൊണ്ട് തലയ്ക്കടിച്ചും കൊലപ്പെടുത്തി.
പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അടങ്ങുന്ന ബകര്‍വാള്‍ നാടോടി വിഭാഗത്തെ ഗ്രാമത്തില്‍ നിന്നും തുരത്തിയോടിക്കുന്നതിനാണ് പെണ്‍കുട്ടിയെ ദിവസങ്ങളോളം തടവില്‍ വെച്ച് പീഡിപ്പിച്ചതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.