തിരുവനന്തപുരം:കരമനയില്‍ നിന്നും ഇന്നലെ തട്ടിക്കൊണ്ടു പോയ കൊഞ്ചിറവിള സ്വദേശി അനന്തു ഗിരീഷിന്റെ മൃതദേഹം കണ്ടെത്തി. കരമന കൈമനത്തിനടുത്തുള്ള ഒരു ബൈക്ക് ഷോറൂമിന് സമീപത്തെ കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.അനന്തു ഗിരീഷിന്റെ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റത്തിന്റെ പാടുകള്‍ ഉണ്ട്. രണ്ടു കൈയിലേയും ഞരമ്പുകള്‍ മുറിഞ്ഞ നിലയിലാണ്.
ഇന്നലെ വൈകിട്ടോടെയാണ് അനന്തുവിനെ കരമനയ്ക്ക് അടുത്ത് തളിയില്‍ നിന്നും അക്രമിസംഘം തട്ടിക്കൊണ്ടു പോയത്. ബൈക്കില്‍ കരമനയിലേക്ക് വരികയായിരുന്ന അനന്തുവിനെ കാറിലെത്തിയ രണ്ടംഗ സംഘം കടത്തിക്കൊണ്ടുപോവുകയായിരുന്നു.
അനന്തുവിന്റെ ഫോണിലേക്ക് ഒരു സുഹൃത്ത് വിളിച്ചതോടെയാണ് തട്ടിക്കൊണ്ടുപോയ വിവരം വീട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന് കുടുംബം പോലീസില്‍ പരാതി നല്‍കി.പരാതിയുടെ അടിസ്ഥാനത്തില്‍ കരമനയിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ച പൊലീസ് അനന്തുവിനെ തട്ടിക്കൊണ്ടു പോയ കാര്‍ തിരിച്ചറിഞ്ഞിരുന്നു.കാര്‍ കണ്ടെത്താനായി സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം ആരംഭിച്ചിരുന്നു.
കൊഞ്ചിറവിളയില്‍ കഴിഞ്ഞ ദിവസം ഉത്സവവുമായി ബന്ധപ്പെട്ട് അനന്തുവിന്റെ സുഹൃത്തുകളും മറ്റൊരു സംഘവുമായി സംഘര്‍ഷമുണ്ടായിരുന്നു.ഇതിന് പ്രതികാരമായാണ് അനന്തുവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതെന്നാണ് പോലീസ് നിഗമനം.പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി.