ബംഗളൂരു:കര്‍ണാടക ഉപതെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് കനത്ത തിരിച്ചടിയായി.മൂന്ന് ലോക്സഭ മണ്ഡലങ്ങളിലേക്കും രണ്ട് നിയമസഭ മണ്ഡലങ്ങളിലേക്കും നടന്ന ഉപതെരെഞ്ഞെടുപ്പില്‍ നാലിടത്തും ജെഡിഎസ് കോണ്‍ഗ്രസ് സഖ്യം വിജയിച്ചു.സിറ്റിംഗ് ലോക്സഭാ സീറ്റായ ബെല്ലാരിയിലും ബിജെപി തോറ്റു.ഒരു സിറ്റിംഗ് ലോക്സഭാ സീറ്റായ ശിവമോഗയില്‍ മാത്രമാണ് ബിജെപി വിജയിച്ചത്.ശിവമോഗ,ബല്ലാരി,മാണ്ഡ്യ എന്നീ ലോക് സഭാസീറ്റുകളിലേക്കും രാമനഗര,ജാംഖണ്ഡി നിയമസഭാസീറ്റുകളിലേക്കും ശനിയാഴ്ച്ച നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലാണ് നടന്നത്.

സിറ്റിംഗ് സീറ്റായ ബെല്ലാരിയില്‍ രണ്ടു ലക്ഷം വോട്ടിനാണ് ബിജെപി നേതാവ് ബി ശ്രീരാമുലുവിന്റെ സഹോദരി ജെ ശാന്ത പരാജയപ്പെട്ടത്.കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വി എസ് ഉഗ്രപ്പയാണ് ഇവിടെ വിജയിച്ചത്.1999ല്‍ കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയും ഇപ്പോഴത്തെ കേന്ദ്രമന്ത്രിയുമായ സുഷമാ സ്വരാജും തമ്മില്‍ അഭിമാന പോരാട്ടം നടന്ന സ്ഥലമാണ് ബെല്ലാരി.അന്ന് സോണിയാ ഗാന്ധി സുഷമയ്ക്കെതിരെ അട്ടിമറി വിജയം നേടിയെങ്കില്‍ 2004ല്‍ ബി.ജെ.പി മണ്ഡലം തിരിച്ചുപിടിച്ചിരുന്നു.      മറ്റൊരു സിറ്റിംഗ് സീറ്റായ ശിവമോഗയില്‍ മാത്രമാണ് ബിജെപിക്ക് വിജയിയ്ക്കാനായത്.ഇവിടെ ബിജെപിയുടെ മുന്‍ മുഖ്യമന്ത്രി യെദിയൂരപ്പയുടെ മകന്‍ ബി വൈ രാഘവേന്ദ്രയാണ് വിജയിച്ചത്.കഴിഞ്ഞ തവണ യെദിയൂരപ്പയ്ക്ക് 3.6 ലക്ഷം വോട്ടിന് വിജയിച്ച ഇവിടെ 36000 വോട്ടിന്റെ ഭൂരിപക്ഷമാണ് മകന് ലഭിച്ചത്.
ദളിന്റെ സിറ്റിംഗ് സീറ്റായ മാണ്ഡ്യയില്‍ അവരുടെ സ്ഥാനാര്‍ഥി ശിവരാമ ഗൌഡ ഒന്നേകാല്‍ ലക്ഷം വോട്ടിനു വിജയിച്ചു.നിയമസഭാ ഉപതെരെഞ്ഞെടുപ്പില്‍ രാമനഗര മണ്ഡലത്തില്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ ഭാര്യ അനിത കുമാരസ്വാമി വന്‍ ഭൂരിപക്ഷത്തിനു വിജയിച്ചു.മുക്കാല്‍ ലക്ഷത്തിലേറെയാണ് ഭൂരിപക്ഷം.ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന എല്‍ ചന്ദ്രശേഖര്‍ മത്സരത്തില്‍ നിന്ന് പിന്മാറുകയും കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തിരുന്നു.
ജാംഖണ്ഡി നിയമസഭാ സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആനന്ദ് സിദ്ദു 39480 വോട്ടിനു ജയിച്ചു.ബല്ലാരിയില്‍ 63.85 ശതമാനവും ശിവമോഗയില്‍ 61.05 ശതമാനവും മാണ്ഡ്യയില്‍ 53.93 ശതമാനവും ജാംഖണ്ഡിയില്‍ 77.17 ശതമാനവും രാമനഗരയില്‍ 71.88 ശതമാനവും പേരാണ് വോട്ട് ചെയ്തത്.വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സഖ്യത്തിന്റെ ഭാവി എന്തെന്നും ഈ തെരെഞ്ഞെടുപ്പു ഫലം കൊണ്ട് നിര്‍ണയിക്കപ്പെടും.
കുടിവെള്ളപ്രശ്‌നത്തിന് സ്ഥിരമായ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ബല്ലാരിയിലെ ഹാരഗിനധോണി ഗ്രാമവാസികള്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു.കോണ്‍ഗ്രസ് – ജെ.ഡി.എസ് സഖ്യത്തിന്റെ തിരഞ്ഞെടുപ്പ് പ്രചരണം കോണ്‍ഗ്രസ് നേതാവ് ഡി.ശിവകുമാര്‍ ഏറ്റെടുത്തതോടെയാണ് കര്‍ണ്ണാടകയില്‍ ബിജെപിയ്ക്ക് അടിപതറിയത്.കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യം ഒന്നിച്ചു മത്സരിക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് ആയതിനാല്‍ സഖ്യത്തിന് നിര്‍ണായകമാണ് ഉപതെരഞ്ഞെടുപ്പ് ഫലം.