ചെന്നൈ:തങ്ങളുടെ പ്രിയപ്പെട്ട കലൈഞ്ജരെ ഒരുനോക്കുകാണാന്‍ പൊതുദര്‍ശന സ്ഥലമായ രാജാജിഹാളിലേക്ക് തമിഴകം ഒന്നടങ്കം ഒഴുകുകയാണ്.അന്ത്യവിശ്രമസ്ഥലം അനുവദിക്കുന്നതു സംബന്ധിച്ചു നല്‍കിയ ഹര്‍ജിയില്‍ കോടതിയില്‍ വാദം തുടരുകയാണ്.എന്തായാലും സംസ്‌കാരച്ചടങ്ങുകള്‍ വൈകീട്ട് നാലുമണിക്ക് നടക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്.

സി.ഐ.ടി നഗറിലെ കനിമൊഴിയുടെ വീട്ടില്‍ നിന്നും പുലര്‍ച്ചെ 5.30ഓടെയാണ് കരുണാനിധിയുടെ ഭൗതികദേഹം രാജാജി ഹാളിലെത്തിച്ചത്.തമിഴകത്തെ മാത്രമല്ല രാജ്യമെങ്ങുമുള്ള രാഷ്ട്രീയ,ചലച്ചിത്ര സാംസ്‌കാരിക രംഗത്തുനിന്നുള്ളവര്‍ കരുണാനിധിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി.പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഇന്ന് ചെന്നൈയില്‍ എത്തും.പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജി ഇന്നലെ രാത്രി തന്നെയെത്തി കരുണാനിധിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു.

തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്,മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി,ടിടിവി ദിനകരന്‍ എന്നിവരും ആദരാഞ്ജലി അര്‍പ്പിച്ചു മടങ്ങി.നടന്‍ രജനീകാന്ത്,ഭാര്യ ലത,മകള്‍ ഐശ്വര്യ,മരുമകനും നടനുമായ ധനുഷ് എന്നിവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.നടന്‍ പ്രഭുവും കുടുംബസമേതം എത്തി.നടന്‍ കമലഹാസന്‍,സൂര്യ,അജിത്,മലയാളസിനിമാതാരം വിനീത് എന്നിവരും മറ്റു പ്രമുഖരും കരുണാനിധിയെ ഒരുനോക്കുകാണാന്‍ എത്തി.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജാജിഹാളിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു.

കേരളത്തില്‍നിന്നും ഗവര്‍ണര്‍ ജസ്റ്റിസ് വി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍,പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തും.