തിരുവനന്തപുരം:കവിതാ മോഷണത്തില്‍ മാപ്പു പറഞ്ഞാലും ദീപ നിശാന്തിന് അത്ര പെട്ടെന്ന് വിവാദങ്ങളില്‍ നിന്നും ഊരിപ്പോവാനാവില്ലെന്ന് വ്യക്തമാവുന്നു. സോഷ്യല്‍ മീഡിയ കൊണ്ടാടിയ എഴുത്തുകാരിയും കോളജ് അധ്യാപികയുമായ ദീപാ നിശാന്തിനെ സാംസ്‌കാരികലോകം കൈയ്യൊഴിഞ്ഞതിനു പിന്നാലെ അധ്യാപക സംഘടനയും ഇവര്‍ക്ക് എതിരാവുന്നു.കവിതാ മോഷണ വിവാദത്തില്‍ ദീപ നിശാന്തില്‍ നിന്ന് വിശദീകരണം ചോദിക്കുമെന്ന് അധ്യാപക സംഘടനയായ എകെപിസിടിഎ അറിയിച്ചു. സംഘടനയ്ക്ക് ആരും അതീതരല്ലെന്നും വിഷയം സംഘടനയുടെ അടുത്ത യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും എകെപിസിടിഎ സംസ്ഥാന ഭാരവാഹികള്‍ വിശദമാക്കി.
എകെപിസിടിഎയുടെ മാസികയിലാണ് വിവാദ കവിത പ്രസിദ്ധീകരിച്ചത്. തന്റെ കവിത വികലമാക്കി പ്രസിദ്ധീകരിച്ചുവെന്നാരോപിച്ച് കവിയും മാധ്യമപ്രവര്‍ത്തകനുമായ എസ് കലേഷ് രംഗത്തെത്തിയതിനു പിന്നാലെ മാഗസിന്റെ എഡിറ്റോറിയല്‍ ടീം കാര്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ദീപ നിശാന്ത് വാട്സാപ്പിലൂടെ കവിത അയച്ചിട്ട് പ്രസിദ്ധീകരിക്കാമോയെന്ന് ചോദിക്കുകയായിരുന്നെന്ന് എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം എംആര്‍ രാജേഷ് പറഞ്ഞു.
വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ദീപയെയും ദീപയ്ക്ക് കവിത മോഷ്ടിച്ചു നല്‍കിയെന്ന ആരോപണം നേരിടുന്ന ശ്രീചിത്രനേയും പല സാംസ്‌കാരിക പരിപാടികളില്‍ നിന്നും ഇതിനോടകം ഒഴിവാക്കിക്കഴിഞ്ഞു.