തിരുവനന്തപുരം: പ്രശസ്ത കവിയും ഗാനരചയിതാവുമായിരുന്ന പഴവിള രമേശന് ( 83 ) അന്തരിച്ചു.ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.കടുത്ത പ്രമേഹരോഗം ബാധിച്ചതിനെത്തുടര്‍ന്ന് 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാല് മുറിച്ചുമാറ്റിയശേഷം അദ്ദേഹം വീട്ടില്‍ വിശ്രമത്തിലായിരുന്നെങ്കിലും എഴുത്തില്‍ സജീവമായിരുന്നു. സംസ്കാരം നാളെ നടക്കും.
കൗമുദി വീക്കിലിയില്‍ മാധ്യമപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡയറക്ടറായിരുന്നു. നിരവധി ചലച്ചിത്രങ്ങള്‍ക്കും അദ്ദേഹം ഗാനരചന നിര്‍വഹിച്ചിട്ടുണ്ട്. ഞാറ്റടി,ആശംസകളോടെ,അങ്കിള്‍ ബണ്‍,മാളൂട്ടി,വസുധ എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടി ഗാനരചന നിര്‍വ്വഹിച്ചിട്ടുണ്ട്.മാളൂട്ടിയിലെ ‘മൗനത്തിന് ഇടനാഴിയില്‍ ഒരു ജാലകം’,അങ്കിള്‍ ബണ്ണിലെ ‘ഇടയരാഗ രമണ ദു:ഖം’ എന്നീ ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.’ശ്രാദ്ധം’ എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.2019-ല്‍ സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.ഓര്‍മ്മകളുടെ വര്‍ത്തമാനം ആത്മകഥ പഴവിള രമേശന്റെ കവിതകള്‍, മഴയുടെ ജാലകം, ഞാനെന്റെ കാടുകളിലേക്ക്,പ്രയാണപുരുഷന്‍ എന്നീ കവിതാസമാഹാരങ്ങള്‍ രചിച്ചിട്ടുണ്ട്.
1936 മാര്‍ച്ച് 30 ന് കൊല്ലം പെരിനാട് പഴവിളയില്‍ എന്‍.എ വേലായുധന്റെയും ഭാനുക്കുട്ടി അമ്മയുടെയും മകനായാണ് ജനനം.കൊല്ലം എസ് എന്‍ കോളേജ്, യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളില്‍ നിന്നു കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
ഭാര്യ:രാധ.മക്കള്‍:സൂര്യ,സൗമ്യ.