മുംബൈ: ആരാധക ലക്ഷങ്ങള്‍ ആകാംക്ഷയോടെ കാത്തിരുന്ന സഞ്ജയ് ലീലാ ബന്‍സാലിയുടെ പുതിയ ചിത്രം ‘പദ്മാവതി’യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. രാജ് പുത് ഭരിച്ചിരുന്ന മഹാരാജാവ് റാണാ റാവല്‍ രതന്‍ സിംഗിന്റെയും അദ്ദേഹത്തിന്റെ രാജ്ഞിയായിരുന്ന റാണി പത്മാവതിയുടെയും കഥയാണ് ചിത്രത്തിലൂടെ സജ്ഞയ് ലീലാ ബന്‍സാലി പങ്കുവയ്ക്കുന്നത്. രജപുത്ര റാണി പദ്മാവതിയായി ദീപികാ പദുകോണ്‍ സ്‌ക്രീനില്‍ നിറയുമ്പോള്‍ അലാവുദ്ദീന്‍ ഖില്‍ജിയായി രണ്‍വീര്‍ സിങും രാജാ രതന്‍ സിങ്ങായി ഷാഹിദ് കപൂറും എത്തുന്നു.
ചിത്രത്തിന്റെ ഷൂട്ടിംഗ് സംബന്ധിച്ച് നിരവധി പ്രശ്നങ്ങള്‍ നേരത്തെ ഉടലെടുത്തിരുന്നു.രാജസ്ഥാനില്‍ ചിത്രത്തിന്റെ റിലീസ് അനുവദിക്കില്ലെന്നാണ് രജ്പുത് വിഭാഗത്തിലെ സംഘടനയായ കര്‍ണി സേന അവകാശപ്പെടുന്നത്. ചിത്രീകരണം നിര്‍ത്തിവക്കേണ്ട ഘട്ടം വരെയെത്തിയ പദ്മാവതി ആദ്യം നവംബര്‍ 17 റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ രാജസ്ഥാനിലെ പ്രതിഷേധം കാരണം ഷൂട്ടിംഗ് നീണ്ടുപോവുകയായിരുന്നു.
വൈക്കോം 18 നോഷന്‍ പിക്‌ചേഴ്സും ബന്‍സാലി പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പതിവ്‌പോലെ സഞ്ജയ് ലീലാ ബന്‍സാലി തന്നെയാണ് ഈ ചിത്രത്തിനും സംഗീതം പകര്‍ന്നിരിക്കുന്നത്. റാണിയായുള്ള ദീപികയുടെ മേക്ക് ഓവര്‍ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. ട്രെയ്‌ലറിന്റെ വരവോടെ ഡിസംബര്‍ ഒന്നിന് റാണി പദ്മാവതിയുടെ രാജകീയ വരവിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.