[author ]അരവിന്ദ് ബാബു[/author]കായല്‍ കയ്യേറ്റം സംബന്ധിച്ച് ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരായ ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി അനുപമയുടെ റിപ്പോര്‍ട്ടിന്മേല്‍ നടപടി മന്ദീഭവിപ്പിച്ച് ഇടതു സര്‍ക്കാര്‍ ഒളിച്ചുകളി തുടരുന്നു. കയ്യേറ്റം സ്ഥിരീകരിച്ച് കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയനും റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനും വിലയിരുത്തിയ ശേഷമാവും തുടര്‍നടപടികളെന്നാണ് ഇപ്പോള്‍ സര്‍ക്കാരും മുന്നണിയും നല്‍കുന്ന വിശദീകരണം.
മന്ത്രിസഭയിലെ ഒരംഗത്തിനെതിരായി ഉയര്‍ന്ന ഗുരുതര ആരോപണങ്ങള്‍ ശരിവെച്ച് ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടും അത് ഉടനടി വിലയിരുത്തി തുടര്‍നടപടികളെടുക്കാതെ മന്ത്രിക്കും സംഘത്തിനും ആരോപണങ്ങളില്‍ നിന്നും രക്ഷനേടാന്‍ നിയമപരവും രാഷ്ട്രീയവുമായ വഴിയൊരുക്കലാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും സൂചനയുണ്ട്. കയ്യേറ്റം സംബന്ധിച്ച കേസ് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തോമസ് ചാണ്ടിക്ക് എതിരെ നടപടി സ്വീകരിക്കുക കോടതിയുടെ അഭിപ്രായം കൂടി കണക്കിലെടുത്ത ശേഷം മാത്രമാകുമെന്നാണ് നിലവില്‍ വിവരങ്ങള്‍ ലഭിക്കുന്നത്. ഇത് ശരിവെയ്ക്കുന്ന തരത്തില്‍ വാട്ടര്‍ വേള്‍ഡ് കമ്പനി കളക്ടര്‍ക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് റവന്യു സെക്രട്ടറിക്കു കത്ത് നല്‍കിക്കഴിഞ്ഞു. ഹൈക്കോടതിയിലെ കേസ് ചൂണ്ടിക്കാട്ടിയാണ് കളക്ടര്‍ക്കെതിരായ നീക്കം തുടങ്ങിയിട്ടുള്ളത്.
മന്ത്രി കായല്‍ കയ്യേറ്റം നടത്തിയെന്ന് വ്യക്തമായി ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിട്ടും സി.പി.എമ്മും സര്‍ക്കാരും മുന്നണിയും ഇതംഗീകരിക്കാന്‍ പ്രഥമദൃഷ്ട്യാ തയ്യാറായിട്ടില്ല. മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് തൊടുന്നതിലെല്ലാം അഴിമതിയാരോപിച്ച് രംഗത്ത് വന്നിരുന്ന അന്നത്തെ പ്രതിപക്ഷനേതാവും നിലവില്‍ ഭരണപരിഷ്‌ക്കാര കമ്മീഷന്‍ അധ്യക്ഷനുമായ വി.എസ് അച്യുതാനന്ദനും മൗനി ബാബയായി തുടരുകയാണ്. തോമസ് ചാണ്ടിക്കെതിരെ ആദ്യം ആരോപണമുയര്‍ന്നപ്പോള്‍ വിമര്‍ശനവുമായി വി.എസ് എത്തിയിരുന്നു.
അഴിമതി ആരോപണം നേരിടുന്നവരെ കൊണ്ടു നടക്കുന്നത് ചിലര്‍ക്ക് ഭൂഷണമായി തോന്നിയിട്ടുണ്ടാവുമെന്നും അതുകൊണ്ടാണ് തോമസ് ചാണ്ടി മന്ത്രിസഭയില്‍ തുടരുന്നതെന്നുമായിരുന്നു വി.എസിന്റെ അന്നത്തെ പ്രതികരണം. തോമസ് ചാണ്ടി ഇനിയും മന്ത്രി സ്ഥാനത്ത് തുടരുമോ എന്ന ചോദ്യത്തിന് അത് മന്ത്രിസഭയിലെ പ്രമാണിമാര്‍ തീരുമാനിക്കട്ടേയെന്നും വി.എസ് പറഞ്ഞിരുന്നു. അതിനു ശേഷം അന്വേഷണം നടത്തി ആരോപണങ്ങളില്‍ സ്ഥിരീകരണം വന്നിട്ടും വി.എസ് മൗനവ്രതം തുടരുന്നതും മുന്നണിയിലും പാര്‍ട്ടിയിലുമുള്ള ‘തോമസ് ചാണ്ടി പ്രഭാവമായി’ കണക്കാക്കപ്പെടുന്നു.
മൂന്നാര്‍ അടക്കമുള്ള ഭൂമി കയ്യേറ്റ വിഷയങ്ങളിലടക്കം വ്യത്യസ്ത നിലപാട് സ്വീകരിച്ച സി.പി.ഐയും വിഷയത്തില്‍ ഗൗരവതരമായ സമീപനം പുലര്‍ത്താന്‍ മടികാണിക്കുന്നതെന്തെന്ന ചോദ്യവും ഉയരുന്നുണ്ട്. ഗുരുതര പരാമര്‍ശങ്ങള്‍ അടങ്ങിയ കളക്ടറുടെ റിപ്പോര്‍ട്ടിനെ ലഘൂകരിക്കാനാണ് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനും ശ്രമിക്കുന്നത്. ഇടതുമുന്നണിയുടെ ആഭിമുഖ്യത്തില്‍ തലസ്ഥാനത്ത് നിന്നും ജനജാഗ്രതാ ജാഥ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിക്കുന്നതും സി.പി.ഐയെ വെട്ടിലാക്കിയിട്ടുണ്ട്.
നെല്‍വയല്‍ തണ്ണീര്‍ത്തട നിയമമടക്കം ലംഘിച്ച് കായല്‍ കയ്യേറിയെന്ന ഗുരുതരമായ കുറ്റത്തിന് ക്രിമിനല്‍ നടപടിപ്രകാരം മന്ത്രിക്കെതിരെ കേസ്സെടുക്കാമെന്ന സാഹചര്യമാണ് നിലവില്‍ ഉളവായിട്ടുള്ളത്. ആരോപണങ്ങളില്‍ വസ്തുതയുണ്ടെന്ന് പൊതുസമൂഹത്തിനും ജില്ലാ കളക്ടര്‍ക്കും പ്രതിപക്ഷത്തിനും മനസിലായിട്ടും മുഖ്യമന്ത്രിയടക്കമുള്ള ഭരണപക്ഷത്തിന് ഇത് മനസിലാവത്തതിനു കാരണം തോമസ് ചാണ്ടിയുമായി സി.പി.എമ്മിനുള്ള വഴിവിട്ട ഇടപെടലുകളാണെന്നും ആരോപണമുയരുന്നു. ഇടതു സര്‍ക്കാരിനെ വിരല്‍ത്തുമ്പിലിട്ട് അമ്മാനമാടുന്ന തോമസ് ചാണ്ടിക്കെതിരെ സി.പി.എം സമ്മേളനങ്ങളില്‍ വിമര്‍ശനം കൊണ്ടുവരാനും പാര്‍ട്ടിയില്‍ ഒരുക്കം തുടങ്ങിക്കഴിഞ്ഞു. വിഷയത്തില്‍ നിയമസഭയ്ക്കകത്തും പുറത്തും യു.ഡി.എഫ് കടുത്ത സമരത്തിലേക്ക് നീങ്ങുന്നതോടെ തോമസ് ചാണ്ടി നിയന്ത്രിത സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങും.