തിരുവനന്തപുരം:കാര്‍ട്ടൂണ്‍ പുരസ്കാര വിവാദത്തില്‍ മന്ത്രി എ.കെ ബാലന്റെ നിലപാടിനെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ലളിതകലാ അക്കാദമിയുടെ തീരുമാനത്തില്‍ ഇടപെടാന്‍ ഒരു മന്ത്രിക്കും അധികാരമില്ലെന്ന് കാനം രാജേന്ദ്രന് പറഞ്ഞു.
ലളിതകലാ അക്കാദമി സ്വതന്ത്ര അധികാരമുള്ള സമിതിയാണെന്നും അവാര്‍ഡ് നിര്‍ണയത്തില്‍ ഇടപെടുന്നത് ശരിയല്ലെന്നും കാനം പറഞ്ഞു.സിനിമയ്ക്ക് അവാര്‍ഡ് നല്‍കിയിട്ട് ആരുടെയെങ്കിലും അതൃപ്തിയുടെ പേരില്‍ പിന്‍വലിക്കുമോയെന്നും കാനം ചോദിച്ചു.
കാര്‍ട്ടൂണിന് പുരസ്കാരം നല്‍കിയത് വിവാദമായതിനെത്തുടര്‍ന്ന് ലളിതാ കലാ അക്കാദമി തീരുമാനം പുന:പരിശോധിക്കണമെന്ന് മന്ത്രി എകെബാലന്‍ പറഞ്ഞിരുന്നു. കാര്‍ട്ടൂണ്‍ മതചിഹ്നങ്ങളെ അധിക്ഷേപിക്കുന്നതാണെന്നും മന്ത്രി പറഞ്ഞിരുന്നു.
കെ കെ സുഭാഷ് വരച്ച് കേരള ശബ്ദത്തിന്റെ സഹപ്രസിദ്ധീകരണമായ ഹാസ്യകൈരളിയില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണാണ് വിവാദമായത്. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോയുടെ മുഖമുള്ള പൂവന്‍കോഴി നില്‍ക്കുന്നത് പൊലീസിന്റെ തൊപ്പിക്ക് മുകളില്‍…തൊപ്പി പിടിക്കുന്നത് പിസി ജോര്‍ജ്ജും, ലൈംഗീകാരോപണത്തില്പ്പെട്ട ഷൊര്‍ണ്ണൂര്‍ എംഎല്‍എ പികെ ശശിയും.ഫ്രാങ്കോയുടെ കയ്യിലെ മെത്രാന് സ്ഥാനീയ ചിഹ്നത്തില്‍ അടിവസ്ത്രത്തിന്റെ ചിത്രം.. ഇതായിരുന്നു കാര്‍ട്ടൂണ്‍. കേരള ലളിത കലാ അക്കാഡമി മികച്ച കാര്‍ട്ടൂണിനുള്ള പുരസ്കാരം നല്‍കിയതോടെയാണ് കാര്‍ട്ടൂണ്‍ വിവാദത്തില്‍പ്പെട്ടത്.