ബാഴ്സലോണ : ഒടുവില്‍ സ്പെയിനിന്റെ ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞ് കാറ്റലോണിയന്‍ പ്രദേശിക പാര്‍ലമെന്റ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ഒക്ടോബറില്‍ നടത്തിയ ഹിതപരിശോധനയില്‍ 90 ശതമാനംപേരും സ്‌പെയിനില്‍ നിന്നും വേര്‍പെടുന്നതിന് കാറ്റലോണിയക്ക് അനുകൂലമായി വോട്ട് ചെയ്തിരുന്നു. എന്നാല്‍ ഇന്നാണ് കാറ്റലന്‍ പാര്‍ലമെന്റ് ഔദ്യോഗിക സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത്.

കാറ്റലോണിയക്കുമേല്‍ നേരിട്ടുള്ള ഭരണം ഏര്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ സ്പെയിന്‍ നടത്തിവരുന്നതിനിടയ്ക്കാണ് ഇവര്‍ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത്. എന്നാല്‍ സ്വാതന്ത്ര പ്രഖ്യാപനത്തിനു പിന്നാലെ ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ എംഎല്‍എമാര്‍ പാര്‍ലമെന്റ് സമ്മേളനം ബഹിഷ്‌കരിച്ചു.

സ്വതന്ത്രമായ കാറ്റലോണിയയെ അംഗീകരിക്കണമെന്ന് മറ്റ് രാജ്യങ്ങളോട് അധികാരികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ സെപെയിനിന്റെ സമ്പദ്ഘടനയുടെ നെടുംതൂണായി അറിയപ്പെടുന്ന കാറ്റലോണിയ സ്വാതന്ത്രമാകുന്നത് ഇവര്‍ക്ക് തിരിച്ചടിയാകും. സ്വതന്ത്രമാകാനുള്ള നീക്കം നിയമപരമായി നിലനില്‍ക്കില്ലെന്നാണ് സ്പാനിഷ് ഭാഷ്യവും.

കാറ്റലോണിയയുടെ സ്വതന്ത്ര പ്രഖ്യാപനത്തിനെതിരെ സ്പെയിന്‍ രംഗത്തെത്തിയിട്ടുണ്ട്. കാറ്റലോണിയയുടെ സ്വതന്ത്ര പ്രഖ്യാപനം അംഗീകരിക്കാന്‍ സാധിക്കില്ല എന്നാണ് സ്പെയിനിലെ ഓദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്.