കൊച്ചി:കൊച്ചി പനമ്പള്ളി നഗറിലെ ഹോട്ടല്‍ അവന്യൂവില്‍ ഒരു വിവാഹനിശ്ചയച്ചടങ്ങ് നടക്കുന്നു.അതിഥികള്‍ കാറുകളില്‍ വന്നിറങ്ങിയതിനു പിന്നാലെ സ്‌കൂട്ടറില്‍ എത്തിയ വരന്റെ പിതാവിനെ കണ്ട് എല്ലാവരും അദ്ഭുതപ്പെട്ടു.പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് മകന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പാര്‍ട്ടിപ്രവര്‍ത്തകന്റെ സ്‌കൂട്ടറില്‍ വന്നിറങ്ങിയത്.ഹര്‍ത്താല്‍ ദിനത്തിലെ പ്രതിഷേധപ്രകടനങ്ങളുടെ ഭാഗമായി കാളവണ്ടി യാത്ര നടത്തിയശേഷമാണ് ചെന്നിത്തല വിവാഹനിശ്ചയത്തിനായി എത്തിയത്.സ്വന്തം മകന്റെ വിവാഹ നിശ്ചയമാണെങ്കിലും രാഷ്ട്രീയപ്രവര്‍ത്തകനെന്ന നിലയിലുള്ള തിരക്കുകള്‍ കാരണം ചടങ്ങില്‍ ആദ്യാവസാനം പങ്കെടുക്കാന്‍ ചെന്നിത്തലയ്ക്ക് കഴിഞ്ഞില്ല.
രമേശ് ചെന്നിത്തലയുടെ മൂത്ത മകന്‍ ഡോ.രോഹിത്ത് ചെന്നിത്തലയുടെ വധുവാകുന്നത് വ്യവസായിയായ ഭാസിയുടെയും ജയലക്ഷ്മിയുടെയും മകള്‍ ഡോ.ശ്രീജ ഭാസിയാണ്.കോണ്‍ഗ്രസ് അഖിലേന്ത്യാ ബന്ദ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ വിവാഹ നിശ്ചയത്തിനായുള്ള തീയ്യതി നിശ്ചയിച്ചിരുന്നു.അതുകൊണ്ടാണ് ഇന്നു തന്നെ നടത്തിയതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
കൊച്ചിയിലെ അമൃത ആശുപത്രിയില്‍ മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം ഡോ.രോഹിത്ത് ഇപ്പോള്‍ രാജഗിരി മെഡിക്കല്‍ കോളേജില്‍ ജോലി നോക്കുകയാണ്.ശ്രീജ പഠനം പൂര്‍ത്തിയാക്കിയ ശേഷം അമേരിക്കയില്‍ ഡോക്ടറായി സേവനമനുഷ്ഠിക്കുകയാണ്.
കോണ്‍ഗ്രസ് നേതാക്കള്‍ അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.
.